Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 ലക്ഷം പിന്നിട്ട് റെനോ ഇന്ത്യ ഉൽപ്പാദനം

Duster

ഇന്ത്യയിൽ ഇതുവരെയുള്ള കാർ ഉൽപ്പാദനം അഞ്ചു ലക്ഷം യൂണിറ്റിലെത്തിയെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. ചെറു ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെയും കോംപാക്ട് എസ് യു വിയായ ‘ഡസ്റ്ററി’ന്റെയും പിൻബലത്തിലാണ് റെനോ ഈ നേട്ടം കൈവരിച്ചത്. മൊത്തം വിൽപ്പനയിൽ 2.50 ലക്ഷത്തോളമാണു ‘ക്വിഡി’ന്റെ വിഹിതം; ഒന്നര ലക്ഷം ‘ഡസ്റ്ററു’കളും റെനോ നിർമിച്ചിരുന്നു. 

റെനോ ഇന്ത്യ സ്ഥാപിതമായത് 2005ലായിരുന്നു; 2010ൽ ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് റെനോയും ജാപ്പനീസ് പങ്കാളിയായ നിസ്സാനും ചേർന്നു സ്ഥാപിച്ച നിർമാണശാല 2010ൽ പ്രവർത്തം ആരംഭിച്ചു. 2011ലാണു റെനോയുടെ ആദ്യ കാറായ ‘ഫ്ളുവൻസ്’  സെഡാൻ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ അക്കൊല്ലം തന്നെ ‘കൊളിയോസും’ വിപണിയിലെത്തി.

2012ലായിരുന്നു എസ് യു വിയായ ‘ഡസ്റ്റർ’, ഹാച്ച്ബാക്കായ ‘പൾസി’ന്റെയും വരവ്. ‘ഡസ്റ്ററി’ന്റെ വരവോടെയായിരുന്നു റെനോ ഇന്ത്യയുടെ വിൽപ്പനയിൽ കാര്യമായ പുരോഗതി കൈവരിച്ചത്.  റെനോയുടെ ഇടക്കാല പദ്ധതിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ തന്ത്രപ്രധാന വിപണിയാണെന്ന് റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ പ്രാദേശിക  കമ്പനിയാവേണ്ടത് അനിവാര്യമാണ്; അതിനാലാണ് അത്യാധുനിക നിർമാണശാലയും ലോകോത്തര നിലവാരമുള്ള ടെക്നോളജി സെന്ററും രണ്ടു ഡിസൈൻ കേന്ദ്രങ്ങളും ഇന്ത്യയിൽ സ്ഥാപിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

‘ഡസ്റ്ററി’നും ‘ക്വിഡി’നും പുറമെ എം പി വിയായ ‘ലോജി’യും എസ് യു വിയായ ‘കാപ്ചറും’ ഉൾപ്പെടുന്നതാണ് റെനോയുടെ ഇന്ത്യൻ ശ്രേണി. സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കുമൊപ്പം സ്ഥലസൗകര്യവും രൂപകൽപ്പനാ മികവുമാണ് ‘ക്വിഡി’നെ ജനപ്രിയമാക്കിയത്. മാരുതി സുസുക്കി ‘ഓൾട്ടോ’, ടാറ്റ ‘ടിയാഗൊ’, മാരുതി ‘സെലേറിയൊ’ തുടങ്ങിയവയോടാണു ‘ക്വിഡി’ന്റെ മത്സരം.