സ്റ്റീയറിങ് തകരാർ: ‘ക്വിഡി’നു തിരിച്ചുവിളി

ശേഷി കുറഞ്ഞ 800 സി സി എൻജിൻ ഘടിപ്പിച്ച ‘ക്വിഡ്’ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യയ്ക്കു പദ്ധതി. സ്റ്റീയറിങ് സംവിധാനത്തിലെ പാളിച്ചയുടെ പേരിലാണ് എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നാണു റെനോയുടെ വിശദീകരണം. അപകടങ്ങളോ ആളപായമോ സംഭവിച്ചിട്ടല്ല ഈ നടപടിയെന്നും മുൻകരുതലെന്ന നിലയിലുള്ള പരിശോധനയാണിതെന്നും റെനോ വ്യക്തമാക്കി.

പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമസ്ഥർക്കു റെനോ നേരിട്ട് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനപ്പുറം പരിശോധന ആവശ്യമുള്ള കാറുകളുടെ മോഡൽ വർഷമോ എത്ര കാറുകൾക്ക് പരിധോശന വേണ്ടിവരുമെന്ന വിവരമോ റെനോ നൽകിയിട്ടില്ല. സമീപത്തുള്ള ഡീലർഷിപ്പിൽ കാർ എത്തിക്കാൻ മാത്രമാണു ‘ക്വിഡ്’ ഉടമകൾക്കു ലഭിച്ചിരിക്കുന്ന നിർദേശം. ആവശ്യമായ അറ്റകുറ്റപ്പണി സൗജന്യമായി നടത്തുമെന്നാണു റെനോയുടെ വാഗ്ദാനം. 

രണ്ട് എൻജിൻ സാധ്യതകളോടെയാണ് ‘ക്വിഡ്’ വിപണിയിലുള്ളത്: 0.8 ലീറ്ററും 1.0 ലീറ്ററും. ശേഷി കുറഞ്ഞ എൻജിൻ പരമാവധി 54 ബി എച്ച് പി കരുത്തും ഒരു ലീറ്റർ എൻജിന് 68 ബി എച്ച് പി കരുത്തും സൃഷ്ടിക്കാനാവും. കൂടാതെ ഇരു മോഡലുകളിലും ഒരേ ഇലക്ട്രോണിക് സ്റ്റീയറിങ്ങാണു റെനോ ഘടിപ്പിക്കുന്നത്. എങ്കിലും 800 സി സി എൻജിനുള്ള കാറുകൾക്കു മാത്രമാണു പരിശോധന ആവശ്യമെന്നു റെനോ വ്യക്തമാക്കുന്നുണ്ട്. ആഴ്ചകൾക്കു മുമ്പാണു റെനോ ‘ക്വിഡ് ലിവ് ഫോർ മോർ റീലോഡഡ് 2018 എഡീഷൻ’ അവതരിപ്പിച്ചത്. ഡൽഹിയിൽ 2.67 ലക്ഷം രൂപ മുതൽ 3.87 ലക്ഷം രൂപ വരെയായിരുന്നു കാറിനു വില.

പുത്തൻ ഗ്രാഫിക്സിനു പുറമെ റിവേഴ്സ് പാർക്കിങ് സെൻസർ സഹിതം 10 പരിഷ്കാരങ്ങളോടെയാണു റെനോ ‘ക്വിഡ് ലിവ് ഫോർ മോർ റീലോഡഡ് 2018 എഡീഷൻ’ എത്തിയത്. സിൽവർ ഗ്രിൽ ഇൻസർട്ട്, വീൽ ക്യാപ്പിൽ ലൈം നിറമുള്ള ഹൈലൈറ്റ്സ്, വിങ് മിറർ, റൂഫ് റെയിൽ തുടങ്ങിയവയൊക്കെ കാറിലുണ്ട്.  800 സി സി, ഒരു ലീറ്റർ എസ് സി ഇ(സ്മാർട് കൺട്രോൾ എഫിഷ്യൻസി) എൻജിനുകൾക്കൊപ്പം മാനുവൽ, ഓട്ടമേറ്റഡ് ട്രാൻസ്മിഷനുകളോടെയും(എ എം ടി ഒരു ലീറ്റർ എൻജിനൊപ്പം മാത്രം) കാർ ലഭ്യമാണ്.ടച് സ്ക്രീൻ മീഡിയ എൻ എ വി സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വൺ ടച് ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ, റേഡിയോ സ്പീഡ് ഡിപൻഡന്റ് വോളിയം കൺട്രോൾ എന്നിവയൊക്കെ ഈ ‘ക്വിഡി’ലുണ്ട്.