ഇന്ത്യയിൽ എൻജിൻ പ്ലാന്റ് സ്ഥാപിക്കാൻ യു എം ഇന്റർനാഷനൽ

ഇന്ത്യയിൽ പുതിയ എൻജിൻ പ്ലാന്റ് സ്ഥാപിക്കാൻ യു എസിൽ നിന്നുള്ള ക്രൂസർ മോട്ടോർ സൈക്കിൾ നിർമാതാക്കളായ യു എം ഇന്റർനാഷനലിനു പദ്ധതി. പ്രതിവർഷം അര ലക്ഷം എൻജിനുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ശാലയ്ക്കായി  2.5 കോടി ഡോളർ(ഏകദേശം 161.8 കോടി രൂപ) ആവും കമ്പനി നിക്ഷേപിക്കുകയെന്നു യു എം ഇന്റർനാഷനൽ എൽ എൽ സി ഡയറക്ടർ യുവാൻ വില്ലെഗാസ് വെളിപ്പെടുത്തി. മിക്കവാറും അടുത്ത വർഷം ആദ്യത്തോടെ എൻജിൻ നിർമാണശാല പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ.

പുതിയ ശാലയ്ക്കായി ഹൈദരബാദ് മേഖലയാണു പരിഗണനയിലുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ ഉത്തരാഖണ്ഡിലെ കാശിപൂരിലാണു കമ്പനിയുടെ വാഹന അസംബ്ലിങ് പ്ലാന്റ് പ്രവർത്തിക്കുന്നത്; പ്രതിവർഷം അര ലക്ഷം യൂണിറ്റാണ് ഈ ശാലയുടെയും ശേഷി. പുതിയ ശാല കൂടി പ്രവർത്തനക്ഷമമാവുന്നതോടെ 700 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുമെന്നാണു യു എമ്മിന്റെ കണക്ക്; ഇതോടെ ഇന്ത്യയിൽ കമ്പനി ജീവനക്കാരുടെ എണ്ണം 1,200 ആയി ഉയരും. 

പൂർണമായും പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ ബൈക്ക് നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് യു എം എൻജിൻ പ്ലാന്റ് സ്ഥാപിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ബൈക്ക് നിർമിക്കാനുള്ള പകുതിയോളം ഘടങ്ങൾ കമ്പനി ഇറക്കുമതി ചെയ്യുകയാണ്. പ്രാദേശിക പങ്കാളിയായ  ലോഹിയ ഓട്ടോയുടെ സഹകരണത്തോടെയാണു യു എമ്മിന്റെ ഇന്ത്യയിലെ പ്രവർത്തനം. 

ഇന്ത്യയിൽ 1.50 ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെ വിലയുള്ള മോഡലുകളാണു യു എം വിൽപ്പനയ്ക്കെത്തിക്കുന്നത്. രാജ്യത്ത് 75 ഔട്ട്ലെറ്റുകളുള്ള കമ്പനിയുടെ ഇതുവരെയുള്ള വിൽപ്പന 10,000 യൂണിറ്റിലേറെയാണ്. ഭാവിയിൽ ഇന്ത്യയിൽ 30% വിൽപ്പന വളർച്ച നേടാനാവുമെന്നാണു യു എമ്മിന്റെ പ്രതീക്ഷ. അഞ്ചു വർഷത്തിനകം കമ്പനിയുടെ ആഗോള വിൽപ്പനയിൽ 25 ശതമാനത്തോളം ഇന്ത്യയുടെ സംഭാവനായകുമെന്നും യു എം കരുതുന്നു; നിലവിൽ യു എമ്മിന്റെ വിൽപ്പനയിൽ ഏഴു ശതമാനത്തോളമാണ് ഇന്ത്യയിൽ നിന്നുള്ള വിഹിതം.