സ്വന്തമായി വികസിപ്പിച്ച അലൂമിനിയം ഇൻജെനിയം പെട്രോൾ എൻജിനോടെ ജഗ്വാർ ലാൻഡ് റോവർ കാറുകൾ വിൽപ്പനയ്ക്കെത്തുന്നു. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) ഇതുവരെ യു എസിൽ നിന്നുള്ള ഫോഡിൽ നിന്നുള്ള പെട്രോൾ എൻജിനുകളാണ് ഉപയോഗിച്ചിരുന്നത്.
പുത്തൻ രണ്ടു ലീറ്റർ പെട്രോൾ എൻജിന്റെ 147 കിലോവാട്ട്, 184 കിലോവാട്ട് പവർട്രെയ്നുകളആണു ‘ജഗ്വാർ എക്സ് ഇ’യിലും ‘ജഗ്വാർ എക്സ് എഫി’ലും ഇടംപിടിക്കുന്നത്. ‘എക്സ് ഇ ഇൻജെനിയം’ പെട്രോളിന് 35.99 ലക്ഷം രൂപ മുതലും ‘എക്സ് എഫ് ഇൻജെനിയം’ പെട്രോളിന് 49.80 ലക്ഷം രൂപ മുതലുമാണു വില. പൂർണമായും അലൂമിനിയത്തിൽ നിർമിച്ച ഭാരം കുറഞ്ഞ പുത്തൻ എൻജിനുകൾക്ക് കൂടുതൽ കാര്യക്ഷമതയും മികച്ച പ്രകടനക്ഷമതയും കുറഞ്ഞ പ്രവർത്തന ചെലവുമൊക്കെയാണു ജെ എൽ ആർ വാഗ്ദാനം ചെയ്യുന്നത്.
ജഗ്വാർ സീക്വൻഷ്യൽ ഷിഫ്റ്റും ഓൾ സർഫസ് പ്രോഗ്രസ് കൺട്രോളുമുള്ള എട്ടു സ്പീഡ് ഇലക്ട്രോണിക് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു പുതിയ എൻജിനുകൾക്കൊപ്പമുള്ള ഗീയർബോക്സ്. ലാഗ് കുറയ്ക്കാനും പവർ ഔട്ട്പൂട്ട് പരമാവധി നേടാനും കാര്യക്ഷമത മെച്ചപ്പെടുത്താനുമൊക്കെയായി ഇരട്ട സ്ക്രോൾ ടർബോയുമായാണു പുതിയ പെട്രോൾ എൻജിനുകൾ എത്തുന്നത്. എൻജിനുകളിലേക്കുള്ള വായുപ്രവാഹം വർധിപ്പിക്കാൻ കണ്ടിന്വസ്ലി വേരിയബ്ൾ വാൽവ് ലിഫ്റ്റ് സാങ്കേതികവിദ്യയുമുണ്ട്. ‘എക്സ് ഇ പ്യുവർ’, ‘പ്രസ്റ്റീജ്’, ‘എക്സ് എഫ് പ്രസ്റ്റീജ്’ വകഭേദങ്ങളിലാണ് 147 കിലോവാട്ട് കരുത്ത് സൃഷ്ടിക്കുന്ന എൻജിൻ ഇടംപിടിക്കുക. ‘എക്സ് ഇ’യുടെയും ‘എക്സ് എഫി’ന്റെയും ‘പോർട്ഫോളിയൊ’ വകഭേദത്തിലാണു കരുത്തേറിയ 184 കിലോവാട്ട് എൻജിൻ ഘടിപ്പിക്കുക.