ആഡംബരവും പ്രൗഢിയും നിറഞ്ഞ ഹാരി-മേഗൻ വിവാഹത്തിന്റെ വിശേഷങ്ങളാണ് ഇപ്പോഴും ബ്രിട്ടനിലെങ്ങും. രാജാധികാരത്തിന്റെ ആഡംബരങ്ങൾ എല്ലാം സമന്വയിച്ച മുഹൂർത്തത്തിലായിരുന്നു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ ഹാരി രാജകുമാരൻ മേഗൻ മാർക്കിളിനെ ജീവിതസഖിയാക്കിയത്. വിവാഹത്തിനിടെ വധൂവരന്മാരൂടെ കൂട്ടത്തിൽ താരമായ മറ്റൊരാളും കൂടിയുണ്ട്. ലോകത്തിൽ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും സുന്ദര കാർ എന്ന് സാക്ഷാൽ എൻസോ ഫെരാരി വിശേഷിപ്പിച്ച ജാഗ്വർ ഇ ടൈപ്പ്.
ജാഗ്വർ ഇ ടൈപ്പ് കൺസെപ്റ്റ് സീറോ
2011 ൽ നടന്ന വില്യം രാജകുമാരനും കെയിറ്റ് മിഡിൽടണ്ണിന്റേയും വിവാഹത്തിൽ ഇരുവരും ഉപയോഗിച്ചത് വിന്റേജ് ആസ്റ്റൺ മാർട്ടിൻ ഡിബി 6 ആയിരുന്നെങ്കില്‍ വിവാഹ ശേഷം ഹാരി രാജകുമാരനും മേഗൻ മാർക്കിളും സഞ്ചരിച്ചത് ജാഗ്വർ ഇ ടൈപ്പ് കൺസെപ്റ്റ് സീറോയിലായിരുന്നു. 1968 മോഡൽ സിൽവർ ബ്ലൂകളർ കാറിന ഇലക്ട്രിക് കാറാക്കി മാറ്റിയത് ജാഗ്വർ തന്നെയാണ്.
വിവാഹ ദിനം തന്നെ നമ്പർ പ്ലെയ്റ്റായി ഉപയോഗിക്കുന്ന കാർ ജാഗ്വറിന്റെ ഏക ഇ ടൈപ്പ് കൺസെപ്റ്റ് കാറാണ്. 220 കിലോവാട്ട് കരുത്തു പകരുന്ന ബാറ്ററി ഉപയോഗിക്കുന്ന കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.5 സെക്കന്റുകൾ മാത്രം മതി. പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്ററും.
കാറിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ആറ് സീലിണ്ടർ എൻജിനും ഗീയര്‍ബോക്സും മാറ്റിയതിന് ശേഷമാണ് ലിഥിയം അയൺബാറ്ററി ഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും സുന്ദരൻ കാർ എന്ന വിളിപ്പേരുള്ളതുകൊണ്ടാണ് ജാഗ്വർ അമ്പതു വർഷം പഴക്കമുള്ള ഈ കാറിനെ ഇലക്ട്രിക് ആക്കിമാറ്റിയത്.
പൂര്‍ണമായും പുനര്‍നവീകരിച്ച 1968 മോഡല്‍ സീരീസ് 1.5 ഇ ടൈപ്പ് റോഡ്‌സ്റ്ററില്ലാണ് പുതിയ ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ചത്. ആറു മുതല്‍ ഏഴ് വരെ മണിക്കൂര്‍ നേരം കൊണ്ട് വീട്ടിലെ പവര്‍ പ്ലഗില്‍ നിന്നും പൂര്‍ണമായി ചാര്‍ജുചെയ്യാവുന്ന ബാറ്ററിയുടെ റേഞ്ച് 270 കിലോമീറ്ററാണ്.