അമേരിക്കൻ വിമാനകമ്പനിയായ ബോയിങ്ങിന്റെ ഏറ്റവും പുതിയ വിമാനങ്ങളിലൊന്നായ 777 എക്സിന് കരുത്തേകുക ജിഇ9എക്സ് എന്ന് ലോകത്തിലെ ഏറ്റവും വലിയ എൻജിൻ. ജിഇ9എക്സ് നിർമിക്കുന്നത് ജനറൽ ഇലക്ട്രിക് ഏവിയേഷനാണ്. 2020ൽ ആദ്യ പറക്കലിനൊരുങ്ങുന്ന ബോയിങ് 777 എക്സിൽ ഘടിപ്പിക്കുന്ന എൻജിന്റെ ആദ്യ പറക്കൽ കഴിഞ്ഞ ദിവസമാണ് നടന്നത്.
ഭീമാകാരനായി എൻജിനിൽ ലോകത്തിലെ ഏറ്റവും വലിയ ടർബെനുകളിലൊന്നാണ് ഉപയോഗിക്കുന്നത്. 3.4 മീറ്റർ വ്യാസമുള്ള കൂറ്റൻ ഫാനാണ് എൻജിനിൽ. 16 ലീഫുകളുള്ള ഈ ഫാനിന്റെ ഓരോ ലീഫിനും 11 അടി നീളമുണ്ട്. 2,400 ഡിഗ്രി താപനിലയിൽ പ്രവർത്തിക്കുന്ന എൻജിൻ 100,000 പൗണ്ട് ത്രസ്റ്റ് ഉൽപാദിപ്പിക്കും. കാലിഫോർണിയയിലെ ജനറൽ ഇലക്ട്രിക് ടെസ്റ്റ് റൺവേയിൽ നിന്നു പറന്നുയർന്ന് 747 വിമാനത്തിലാണ് ഈ എൻജിൻ ഘടിപ്പിച്ച് പരീക്ഷണം നടത്തിയത്.
വലുപ്പത്തിലും ത്രസ്റ്റിലും റോൾസ് റോയ്സിന്റെ ട്രെന്റ് എക്സ്ഡബ്ല്യൂബി-97 ഷാഫ്റ്റ് ടർബോഫാൻ ജെറ്റ് എൻജിനെ മറികടന്നാണ് ലോകത്തിലെ ഏറ്റവും വലിയ എൻജിൻ എന്ന ഖ്യാതി ജിഇ9എക്സ് നേടിയത്. ട്രെന്റ് എക്സ്ഡബ്ല്യൂബി-97 എൻജിൻ 97,000 പൗണ്ട് ത്രസ്റ്റാണ് ഉത്പാദിപ്പിക്കുന്നത്. അതികഠിനമായ ടെസ്റ്റ് സാഹചര്യങ്ങളിലൂടെ കടന്നുപോയ എൻജിൻ ഏത് പ്രതികൂല കാലവസ്ഥയേയും തരണം ചെയ്യും എന്നാണ് കമ്പനിയുടെ അവകാശവാദം. ഭാരം കുറഞ്ഞതും ഉയർന്ന താപനിലയെ ചെറുക്കാൻ കഴിയുന്നതുമായ സെറാമിക് മെട്രിക്സ് കംപോസിറ്റുകൾ കൊണ്ടാണ് എൻജിൻ നിർമാണം നടത്തിയിട്ടുള്ളത്.