അമേരിക്കൻ ഐക്യനാടുകളുടെ 36-ാമത് രാഷ്ട്രത്തലവനായി തിരഞ്ഞെടുത്ത ട്രംപ് ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളാണ്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പണക്കാരനായ പ്രസിഡന്റായാണ് ഡൊണാൾഡ് ട്രംപ് അടുത്ത ജനുവരി 20 ന് സ്ഥാനമേൽക്കുക. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സംഭാവന പിരിക്കാത്തതും വിജയിച്ച് നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു ഡോളര്‍ മാത്രം മതി ശമ്പളം എന്നു പറഞ്ഞതുമെല്ലാം പണം ട്രംപിനൊരു പ്രശ്നമല്ലാത്തതു തന്നെയാണ്. ഏകദേശം 3.7 ലക്ഷം കോടി ഡോളറിന്റെ ആസ്തിയുള്ള ട്രംപ് ഉപയോഗിക്കുന്നത് ലോകത്തിൽ ഏറ്റവും വിലപിടിപ്പുള്ള എട്ടാമത്തെ പ്രൈവറ്റ് ജെറ്റാണ്.
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ട്രംപ് ഫോഴ്സ് വൺ എന്നാണ് വിമാനത്തിന്റെ പേര്. ഏകദേശം 100 ദശലക്ഷം ഡോളർ (ഏകദേശം 681 കോടി) മുടക്കിയാണ് ട്രംപ് വിമാനം നിർമിച്ചിരിക്കുന്നത്. 224 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 757-200 എന്ന വിമാനമാണ് ട്രംപ് സ്വന്തം ആവശ്യത്തിനായി മോഡിഫൈ ചെയ്തത്. റോൾസ് റോയ്സ് എൻജിൻ ഘടിപ്പിച്ചിരിക്കുന്ന ട്രംപിന്റെ വിമാനം ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചർ വിമാനങ്ങളിലൊന്നാണ്. മണിക്കൂറിൽ 500 മൈലാണ് പരമാവധി വേഗത. 43 പേർക്കാണ് ട്രംപ് ഫോഴ്സ് വണ്ണിൽ സഞ്ചരിക്കാൻ സാധിക്കുക.
Mr. Trump's 757
പറക്കുന്ന കൊട്ടാരമാണ് ട്രംപ് ഫോഴ്സ് വൺ. കിടപ്പുമുറി, ഡൈനിങ് റൂം, ഗസ്റ്റ് റൂം, ഓഫീസ് റൂം എന്നിവയുണ്ട് ഈ വിമാനത്തിൽ. 24 കാരറ്റ് സ്വണ്ണം പൂശിയ സീറ്റ് ബെൽറ്റുകളാണ് വിമാനത്തിൽ. ട്രംപിന്റെ സ്വകാര്യ മുറി സ്വർണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. കൂടാതെ ബാത്ത് റൂമിലെ പൈപ്പുകളും വാഷ്ബെയ്സിനുമെല്ലാം സ്വർണ്ണംകൊണ്ട് നിർമ്മിച്ചവയാണ്. കൂടാതെ സിനിമ കാണുന്നതിനായി 1000 സിനിമകൾ വരെ സ്റ്റോർ ചെയ്യാവുന്ന എന്റർടെൻമെന്റ് സിസ്റ്റവും 57 ഇഞ്ച് സ്ക്രീനുമുണ്ട് വിമാനത്തിൽ. ഹോളിവുഡിലെ തിയേറ്ററുകളെപ്പോലും കടത്തി വെട്ടുന്ന സൗണ്ട് സിസ്റ്റമാണ് വിമാനത്തിൽ. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ 1991 ലാണ് ഈ വിമാനം നിർമ്മിക്കുന്നത്. 2011 ട്രംപ് അലനിൽ നിന്ന് വിമാനം വാങ്ങി സ്വന്തം താൽപര്യ പ്രകാരം മോഡിഫൈ ചെയ്യുകയായിരുന്നു.