ബോയിങ് ‘777 എക്സ്’ വിമാനത്തിനുള്ള ടൈറ്റാനിയം ഫോർജിങ്ങുകൾ നിർമിച്ചു നൽകാനുള്ള കരാർ കമ്പനിക്കു ലഭിച്ചതായി ഭാരത് ഫോർജ്. ക്ലോസ്ഡ് ഡൈ ഫോർജിങ് പ്രക്രിയ വഴിയാവും ഭാരത് ഫോർജ് വിമാനത്തിനുള്ള ടൈറ്റാനിയം ഫോർജിങ്ങുകൾ നിർമിക്കുകയെന്നും ഭാരത് ഫോർജ് വിശദീകരിച്ചു. ആദ്യ രണ്ടു ഫോർജിങ്ങുകൾ ഈ വർഷം അവസാനത്തോടെ തന്നെ ബോയിങ്ങിനു കൈമാറാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. അടുത്ത വർഷം ആദ്യത്തോടെ രണ്ടു ഫോർജിങ്ങുകൾ കൂടി നിർമിച്ചു നൽകും. അടുത്ത തലമുറ ‘ബോയിങ് 737’ വിമാനങ്ങൾക്കുള്ള ടൈറ്റാനിയം ഫ്ളാപ് ട്രാക്ക് ഫോർജിങ്ങുകൾ ഇക്കൊല്ലം ആദ്യം ഭാരത് ഫോർജ് നിർമിച്ചു ബോയിങ്ങിനു കൈമാറിയിരുന്നു. അടുത്ത വർഷം സർവീസിനെത്തുന്ന ‘737 മാക്സി’നുള്ള ഫോർജിങ്ങുകൾ ലഭ്യമാക്കുന്നതും ഭാരത് ഫോർജ് ആണ്.
ബോയിങ്ങുമായുള്ള സഹകരണം വിജയകരമായതിന്റെ ഫലമായാണു രണ്ടാമത്തെ കരാർ ലഭിച്ചതെന്നു ഭാരത് ഫോർജ് എക്സിക്യൂട്ടീവ് ഡയറക്ടർ സുബോധ് ടണ്ടലെ വിശദീകരിച്ചു. ഏറോസ്പേസ് മേഖലയ്ക്ക് ആവശ്യമായ കൃത്യതയാർന്ന നിർമാണത്തിലും അത്യാധുനിക സാങ്കേതികവിദ്യയിലും കമ്പനിക്കുള്ള വൈദഗ്ധ്യത്തിന്റെയും പ്രതിഫലനമാണു പുതിയ കരാറെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടൈറ്റാനിയം ഫോർജിങ്ങുകൾക്ക് ആവശ്യമായ കർശന ഗുണനിലവാരം കൈവരിക്കുന്നതിൽ ഭാരത് ഫോർജ് വിജയിച്ചതായും ഇവയുടെ നിർമാണത്തിൽ പരിചയസമ്പന്നരായതായും അദ്ദേഹം അവകാശപ്പെട്ടു.
ബോയിങ് ശ്രേണിയിലെ അത്യാധുനികമായ വിമാനങ്ങളുടെ ചിറകിലെ തന്ത്രപ്രധാന ഘടകങ്ങളാണു കമ്പനി ലഭ്യമാക്കുക. മേയ്ക്ക് ഇൻ പദ്ധതിയിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിട്ട നിർമാണ മികവിന്റെ സാക്ഷാത്കാരം കൂടിയാണു ഭാരത് ഫോർജിന്റെ നേട്ടമെന്നും ടണ്ടലെ വിലയിരുത്തി. ഈ വർഷമാദ്യം അടുത്ത തലമുറ ‘737’ വിമാനങ്ങൾക്കുള്ള ടൈറ്റാനിയം ഫോർജ്ഡ് ഫ്ളാപ് ട്രാക് വിതരണം ചെയ്താണു ഭാരത് ഫോർജ് ബോയിങ്ങുമായി സഹകരിച്ചു തുടങ്ങിയതെന്നു ബോയിങ് ഇന്ത്യ പ്രസിഡന്റ് പ്രത്യുഷ് കുമാർ വെളിപ്പെടുത്തി. ഈ സഹകരണം വ്യാപിപ്പിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.