‘സ്ട്രീറ്റ്’ അടക്കം ഹാർലി ബൈക്കിനു വിലയേറി

വിദേശ നിർമിത കിറ്റുകൾ എത്തിച്ചു ‘സി കെ ഡി’ വ്യവസ്ഥയിൽ ഇന്ത്യയിൽ അസംബ്ൾ ചെയ്തു വിൽക്കുന്ന മോട്ടോർ സൈക്കിളുകളുടെ വില യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ വർധിപ്പിച്ചു. ഇതോടെ ജനപ്രിയമായ ‘സ്പോർട്സ്റ്റെ’റും ‘സോഫ്റ്റെയ്ലു’ മടക്കമുള്ള മോഡലുകളുടെ ഇന്ത്യയിലെ വില ഉയർന്നു. ഇതോടൊപ്പം ഇന്ത്യയിൽ നിർമിക്കുന്ന ‘സ്ട്രീറ്റ്’ ശ്രേണിയുടെ വിലയും ഹാർലി ഡേവിഡ്സൻ വർധിപ്പിച്ചിട്ടുണ്ട്. 

ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തോടെ ‘സ്ട്രീറ്റ്’ ശ്രേണിയുടെയും ‘സി കെ ഡി’ മോഡലുകളുടെയും വില വർധിപ്പിച്ചതായി ഹാർലി ഡേവിഡ്സൻ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. എൻജിനും ഗീയർബോക്സും പോലുള്ള വിദേശ നിർമിത ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തിൽ നിന്ന് 15% ആയി ഉയർന്നതാണു വില വർധന അനിവാര്യമാക്കിയതെന്നും കമ്പനി വിശദീകരിക്കുന്നു. ഇന്ത്യയിലെ ഹാർലി ഡേവിഡ്സൻ വിൽപ്പനയിൽ 80 ശതമാനത്തോളം പ്രാദേശികമായി നിർമിക്കുന്ന ‘സ്ട്രീറ്റ്’ ശ്രേണിയുടെ സംഭാവനയാണ്.

സി കെ ഡി മോഡലുകളുടെ വില എട്ടു ശതമാനത്തോളമാണു വർധിച്ചത്; ‘1200 കസ്റ്റം’ ബൈക്കിനാണ് ഏറ്റവുമധികം വിലയേറിയത്. 86,000 രൂപയാണ് ഈ ബൈക്കിനു നേരിട്ടത്. ‘ഫാറ്റ് ബോയ്’ വിലയിലാവട്ടെ 60,000 രൂപയുടെ വർധനയുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന ‘സ്ട്രീറ്റ് 750’ വിലയിൽ 8,000 രൂപയാണു വർധന. അതേസമയം, ഇറക്കുമതി ഇന്ത്യയിലെത്തുന്ന ‘ടൂറിങ്’, ‘സി വി ഒ’ ശ്രേണിക്കു നിലവിൽ വില വർധിപ്പിച്ചിട്ടില്ല.