ഔഡിയുടെ സ്പോർട്സ് കൂപ്പെയായ ‘ആർ എസ് ഫൈവി’ന്റെ രണ്ടാം തലമുറ 11ന് ഇന്ത്യയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. കൂപ്പെയായ ‘എ ഫൈവി’ന്റെ പ്രകടനക്ഷമതയേറിയ വകഭേദമാണ് ‘ആർ എസ് ഫൈവ്’; നിലവിൽ സ്പോർട്ബാക്ക്, കൺവെർട്ട്ബ്ൾ രൂപങ്ങളിലാണ് ‘എ ഫൈവ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്.
പുതിയ 2.9 ലീറ്റർ, ഇരട്ട ടർബോ, വി സിക്സ് പെട്രോൾ എൻജിനാണ് ‘ആർ എസ് ഫൈവി’നു കരുത്തേകുക. മുൻതലമുറ ‘ആർ എസ് ഫൈവി’ലുണ്ടായിരുന്നത് 4.2 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, വി എയ്റ്റ് എൻജിനായിരുന്നു. ശേഷി കുറവെങ്കിലും കരുത്തിൽ പുതിയ 2.9 ലീറ്റർ എൻജിനാണു മുന്നിൽ; 450 ബി എച്ച് പി വരെ കരുത്തും 600 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു സാധിക്കുമെന്നാണ് ഔഡിയുടെ വാഗ്ദാനം. അതുകൊണ്ടുതന്നെ നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ കാറിനു കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു; മുൻമോഡലിനെ അപേക്ഷിച്ച് അര സെക്കൻഡിന്റെ മികവാണിത്. ക്വാട്രോ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന കാറിലെ ട്രാൻസ്മിഷൻ എട്ടു സ്പീഡ് ഗീയർബോക്സാണ്.
ഓപ്ഷൻ വ്യവസ്ഥയിൽ 20 ഇഞ്ച് വീലുകൾ ലഭ്യാവുന്ന കാറിൽ 19 ഇഞ്ച് വീലാവും സ്റ്റാൻഡേഡ് ഫിറ്റിങ്. സ്പോർട് സീറ്റ്, ഫ്ളാറ്റ് ബോട്ടംഡ് സ്റ്റീയറിങ് വീൽ, അലകാൻട്ര ലതർ അപ്ഹോൾസ്ട്രി, സ്പോർട് പെഡൽ, ആർ എസ് ഹൈലൈറ്റ് സഹിതം വെർച്വൽ കോക്പിറ്റ് ഇൻസ്ട്രമെന്റൽ സിസ്റ്റം തുടങ്ങിയവയൊക്കെ കാറിൽ ലഭ്യമാവും.
കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്; വേഗം 280 കിലോമീറ്ററോളം ഉയർത്താൻ സഹായിക്കുന്ന ആർ എസ് ഡൈനമിക് പാക്കേജ് ഔഡി ഇന്ത്യയിലെത്തിക്കുമോ എന്നു വ്യക്തമല്ല. കാർബൺ ഫൈബർ നിർമിത റൂഫ് പോലുള്ള ഘടങ്ങളിലൂടെ കാറിന്റെ ഭാരം 60 കിലോഗ്രാം കുറയ്ക്കുന്ന പാക്കേജാണിത്. ഒപ്പം സ്പോർട് എക്സോസ്റ്റ് സംവിധാനവും ഈ പാക്കേജിലുണ്ട്. ഇന്ത്യയിൽ 1.33 കോടി രൂപയ്ക്കു ലഭിക്കുന്ന ബി എം ഡബ്ല്യു ‘എം ഫോറി’നോടാവും ഔഡി ‘ആർ എസ് ഫൈവി’ന്റെ പോരാട്ടം.