ആഡംബര കാറുകളുടെ ആരാധകരനാണു താനെന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി. ഇതിൽ സെഡാനെന്നോ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മെന്നോ ഭേദഭാവമില്ലെന്നും സമകാലിക ക്രിക്കറ്റിലെ മിന്നും താരമായ കോഹ്‌ലി നയം വ്യക്തമാക്കുന്നു. തന്റെ അഭിരുചിക്കൊത്ത് ആഡംബര കാറുകളുടെ വിപുല ശേഖരം തന്നെ കോഹ്‌ലി സ്വന്തമാക്കിയിട്ടുമുണ്ട്.
സാധാരണ ദൈനംദിന യാത്രകൾക്ക് തനിക്കിഷ്ടം എസ് യു വികളാണെന്നു കോഹ്‌ലി വ്യക്തമാക്കുന്നു. എന്നാൽ ചില അവസരങ്ങളിൽ സെഡാനുകൾ ഉപയോഗിക്കാനാണു താൻ ഇഷ്ടപ്പെടുന്നത്. എന്തായാലും ആഡംബര കാറുകളോടാണു തന്റെ പ്രിയമത്രയുമെന്നും ഔഡിയുടെ രണ്ടാം തലമുറ ‘ആർ എസ് ഫൈവ്’ കൂപ്പെ അനാവരണ ചടങ്ങിൽ കോഹ്‌ലി വിശദീകരിച്ചു.
ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുമായുള്ള തന്റെ ബന്ധം മികച്ചതാണെന്നും കോഹ്ലി വിലയിരുത്തി. പുത്തൻ കാറുകൾ പുറത്തിറക്കാനുള്ള അവസരമാണു തനിക്കു പതിവായി ലഭിക്കുന്നത്; ഇതിലേറെ എന്തു വേണമെന്നും കോഹ്‌ലി ചോദിച്ചു.
ഹൃദയത്തിൽ യുവത്വം കാത്തു സൂക്ഷിക്കുന്ന ജേതാക്കളെ ആകർഷിക്കുന്ന ബ്രാൻഡാണ് ഔഡിയെന്ന് ഔഡി ഇന്ത്യ മേധാവി രാഹിൽ അൻസാരി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ബ്രാൻഡ് അംബാസഡറായ വിരാട് കോഹ്‌ലി ഔഡി കാറുകളുടെ ഉപയോക്താവാണ് എന്നത് ഔഡിയെ ഏറെ ആഹ്ലാദിപ്പിക്കുന്നു. ഔഡിയുടെ വിവിധ മോഡലുകൾ കോഹ്‌ലിയുടെ കാർ ശേഖരത്തിലുണ്ട്.
കാറുകളും യാത്രകളും ഇഷ്ടമാണെങ്കിലും വാരാന്ത്യങ്ങളിൽ അവധി ലഭിച്ചാൽ വീട്ടുകാർക്കൊപ്പം വീട്ടിൽ തന്നെ ചെലവിടാനാണു താൻ ഇഷ്ടപ്പെടുന്നതെന്നും കോഹ്‌ലി അറിയിച്ചു. മികച്ച റോഡിലൂടെ പാട്ടുകളും ആസ്വദിച്ച് ഇഷ്ടപ്പെട്ട കാറിൽ ഔട്ട്ഹൗസിലേക്കു യാത്ര പോവുകയാണു തന്റെ മോഹമെന്നും അദ്ദേഹം പങ്കുവച്ചു. അതുപോലെ കളിക്കളത്തായാലും പുറത്തായാലും സചിൻ തെൻഡുൽക്കറാണു തന്റെ ഹീറോയെന്നും കോഹ്‌ലി വ്യക്തമാക്കി.