സ്വയം തീരമണയുന്ന നൗകയുമായി വോൾവോ

Volvo

സ്വയം ഓടുന്ന കാറുകളുടെ പിന്നാലെയാണു വാഹന ലോകം. ഇതിനിടെ സ്വയം തീരത്തടുത്ത് നങ്കൂരമിടുന്ന ഉല്ലാസനൗക രൂപകൽപ്പന ചെയ്തിരിക്കുകയാണു സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ. ഉല്ലാസനൗകകൾ അടക്കമുള്ള ജലയാനങ്ങളെ സുരക്ഷിതമായി തീരത്തടുപ്പിക്കാൻ ഏറെ വൈദഗ്ധ്യം ആവശ്യമാണ്. ആഡംബര സമൃദ്ധമായ ജലയാനങ്ങളുടെ വില പരിഗണിക്കുമ്പോൾ ഈ ഘട്ടത്തിലെ ചെറിയ പിഴവിനു പോലും കനത്ത വിലയും നൽകേണ്ടി വരും. ഈ പശ്ചാത്തലത്തിലാണു സ്വയം ഡോക്ക് ചെയ്യുന്ന ഉല്ലാസനൗകയുമായി വോൾവോ പെന്റ രംഗത്തെത്തുന്നത്.

മികവു തെളിയിച്ച നാവികർക്കു പോലും വെല്ലുവിളി സൃഷ്ടിക്കാവുന്ന സ്ഥല പരിമിതിയിലും സാഹചര്യത്തിലും നൗകയെ സുരക്ഷിതമായി തീരമണയാൻ ഈ നൗകയ്ക്കു കഴിയുമെന്നാണു വോൾവോ പെന്റയുടെ അവകാശവാദം. അടുത്തഘട്ടത്തിൽ പരിസ്ഥിതി സാഹചര്യം തിരിച്ചറിഞ്ഞു യാത്ര ചെയ്യുന്ന നൗക രൂപകൽപ്പന ചെയ്യാനാണു സമുദ്രയാനങ്ങൾക്കുള്ള എൻജിനുകളും അനുബന്ധ സാമഗ്രികളുമൊക്കെ നിർമിക്കാനായി വോൾവോ സ്ഥാപിച്ച ഉപസ്ഥാപനമായ വോൾവോ പെന്റയുടെ പുറപ്പാട്. 

കാറ്റിനും ഓളത്തിനുമൊത്ത് നിരന്തര പുനഃക്രമീകരണം നടത്തുന്ന പുതിയ സംവിധാനത്തിനു കടൽ ശാന്തവും നിശ്ചലവുമാണെന്ന പ്രതീതി സൃഷ്ടിക്കാനാവുമെന്നാണു വോൾവോ പെന്റ പ്രസിഡന്റ് ബ്യോൺ ഇംഗെമാൻസന്റെ അവകാശവാദം. അതേസമയം യന്ത്രവൽക്കരണം എത്രയൊക്കെ പുരോഗമിച്ചാലും നാവികന്റെ മേൽനോട്ടമില്ലാതെ ഈ സെൽഫ് ഡോക്കിങ് സംവിധാനം പ്രവർത്തിക്കില്ലെന്നും വോൾവോ പെന്റ വ്യക്തമാക്കുന്നു.

വോൾവോ ഓഷ്യൻ റേസിന്റെ ഭാഗമായി ഗോഥൻബർഗിൽ നടന്ന സ്വീഡിഷ് പാദത്തിലാണു വോൾവോ ഈ സംവിധാനം ആദ്യം പ്രദർശിപ്പിച്ചത്. മൊത്തം 72.6 അടി നീളമുള്ള രണ്ട് വോൾവോ ഓഷ്യൻ 65 യോട്ടുകൾക്കിടയിലൂടെയായിരുന്നു വോൾവോ പെന്റ ബോട്ടിന്റെ തീരപ്രവേശം. ബോട്ടിന്റെ ക്യാപ്റ്റൻ സെൽഫ് ഡോക്കിങ് സംവിധാനം ഉപയോഗിച്ചു ബോട്ടിനെ തീരത്തടുപ്പിക്കുന്നതിന്റെ വിഡിയോയും വോൾവോ പുറത്തുവിട്ടിരുന്നു.

ബോട്ടുകളെ സ്വയം ഡോക്ക് ചെയ്യാൻ സഹായിക്കുന്ന സംവിധാനം വികസിപ്പിക്കുന്നത് ഇതാദ്യമല്ല; മുമ്പ് ഇറ്റാലിയൻ യോട്ടിങ് കമ്പനിയായ ആസ്ട്ര യോട്ടും സമാന രീതിയിലുള്ള ബോട്ട് പാർക്കിങ് അസിസ്റ്റൻസ് സിസ്റ്റം രൂപകൽപ്പന ചെയ്തിരുന്നു.