മോട്ടോർ സൈക്കിൾ ഉൽപ്പാദനം വിദേശത്തേക്കു മാറ്റാനുള്ള നീക്കം ഹാർലി ഡേവിഡ്സനു വൻതിരിച്ചടി സൃഷ്ടിക്കുമെന്നു യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. മോട്ടോർ സൈക്കിളുകൾക്ക് ഇന്ത്യ ഏർപ്പെടുത്താനൊരുങ്ങിയ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സഹായിച്ചിട്ടും ഹാർലി ഉൽപ്പാദനം വിദേശത്തേക്കു മാറ്റുന്നതാണു ട്രംപിനെ പ്രകോപിപ്പിക്കുന്നത്. ഉൽപ്പാദനം വിദേശത്തേക്കു മാറ്റിയാൽ വിസ്കോൻസിൻ ആസ്ഥാനമായ ഹാർലിക്ക് അമേരിക്കൻ ഇടപാടുകാരെ നഷ്ടമാവുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
കനത്ത തിരിച്ചടി നേരിടാനാണു ഹാർലിയുടെ പുറപ്പാടെന്ന് ട്രംപ് കരുതുന്നു. മികച്ച അമേരിക്കൻ ഉൽപന്നമാണു ഹാർലി ഡേവിഡ്സൻ. ഈ ബൈക്കുകളെപ്പറ്റി അമേരിക്കക്കാർക്ക് അഭിമാനവുമേറെയാണ്. എന്നാൽ മറ്റൊരു രാജ്യത്ത് ബൈക്ക് ഉൽപ്പാദനം തുടങ്ങുന്നത് ഹാർലി ഡേവിഡ്സൻ ഉപയോക്താക്കൾക്ക് സ്വീകാര്യമാവുമെന്നു തോന്നുന്നില്ലെന്നും ട്രംപ് വിശദീകരിച്ചു.
ട്രംപിന്റെ നയങ്ങളോടുള്ള പ്രതിഷേധ സൂചകമായി യു എസ് നിർമിത ബൈക്കുകൾക്ക് യൂറോപ്യൻ യൂണിയൻ(ഇ യു) പ്രഖ്യാപിച്ച ഇറക്കുമതി ചുങ്കമാണു ഹാർലി ഡേവിഡ്സനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനടമക്കമുള്ള വിദേശ രാജ്യങ്ങളിൽ നിർമിച്ച ഉരുക്കിനും അലൂമിനിയത്തിനും താരിഫ് ഏർപ്പെടുത്തി ട്രംപാണ് ഇപ്പോഴത്തെ വ്യാപാരയുദ്ധത്തിനു തുടക്കമിട്ടത്. ചുങ്കം ഉയർത്താൻ ഇ യു തീരുമാനിച്ചതാവട്ടെ ഹാർലി ഡേവിഡ്സനും ഇന്ത്യനും പോലുള്ള യു എസ് ബൈക്ക് നിർമാതാക്കൾക്ക് തലവേദനയുമായി.
ഇതോടെ ഇന്ത്യയടക്കമുള്ള വിദേശ പ്ലാന്റുകളിൽ ബൈക്ക് നിർമിച്ച് ഇ യുവിലെ ചുങ്കത്തെ മറികടക്കാൻ ഹാർലി ഡേവിഡ്സൻ ആലോചന തുടങ്ങി. എന്നാൽ ഹാർലി അമേരിക്കൻ ബൈക്ക് ആണെന്നും അമേരിക്കൻ മോട്ടോർ സൈക്കിൾ ഈ രാജ്യത്തു തന്നെ നിർമിക്കണമെന്ന വാദവുമായി യു എസ് പ്രസിഡന്റ് തന്നെ രംഗത്തെത്തിയതു കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലേക്കു നയിക്കുന്നുണ്ട്. ബൈക്ക് ഉൽപ്പാദനം വിദേശത്താക്കാനുള്ള തീരുമാനത്തിനു മറയായി ഹാർലി ഡേവിഡ്സൻ യൂറോപ്യൻ താരിഫിനെ ഉപയോഗിക്കുന്നെന്നാണു ട്രംപിന്റെ ആക്ഷേപം.