Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോൾസ് റോയ്സ് പറക്കും ടാക്സി

rolls-royce-flying-taxi Rolls Royce

ഭാവിയുടെ ഗതാഗത സാധ്യതയായ ‘പറക്കും ടാക്സി’യിൽ പ്രതീക്ഷയർപ്പിച്ചു ബ്രിട്ടീഷ് ജെറ്റ് എൻജിൻ നിർമാതാക്കളായ റോൾസ് റോയ്സും രംഗത്ത്. ഇത്തരം ആകാശ യാനങ്ങൾക്ക് അനുയോജ്യമായ പ്രൊപ്പൽഷൻ സംവിധാനത്തിന്റെ രൂപകൽപ്പനയും കമ്പനി പൂർത്തിയാക്കി. അവശേഷിക്കുന്ന വികസന പ്രവർത്തനം പൂർത്തിയാക്കി പദ്ധതി പരീക്ഷണഘട്ടത്തിലെത്തിക്കാൻ പങ്കാളികളെ തേടുകയാണു റോൾസ് റോയ്സ് ഇപ്പോൾ. അടുത്ത ദശാബ്ദത്തിന്റെ തുടക്കത്തിൽ തന്നെ ഈ സാങ്കേതികവിദ്യ ആകാശത്തെത്തുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.

വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കപ്പലുകൾക്കുമൊക്കെയുള്ള എൻജിൻ നിർമാണത്തിലാണു റോൾസ് റോയ്സിന്റെ വൈവിധ്യം. ‘പറക്കും ടാക്സി’ വികസനത്തിൽ റോൾസ് റോയ്സും ചേരുന്നതോടെ ഭാവിയിലെ സഞ്ചാര സാധ്യതയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാവും വഴി തെളിയുക. 

ബാറ്ററിയിൽ നിന്നുള്ള കരുത്തിൽ കുത്തനെ പറന്നുയരുകയും അതുപോലെ പറന്നിറങ്ങുകയും ചെയ്യുന്ന വാഹനം(ഇ വി ടി ഒ എൽ) അഥവാ ‘ഫ്ളയിങ് ടാക്സി’യാണു കമ്പനിയുടെ സങ്കൽപ്പത്തിലുള്ളതെന്നു റോൾസ് റോയ്സ് വിശദീകരിക്കുന്നു. നാലോ അഞ്ചോ യാത്രികരുമായി മണിക്കൂറിൽ 250 മൈൽ(ഏകദേശം  402 കിലോമീറ്റർ)  വേഗത്തിൽ പറക്കാൻ ഈ ആകാശയാനത്തിനാവും. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 500 മൈൽ(805 കിലോമീറ്ററോളം) ആവും ‘പറക്കും ടാക്സി’യുടെ സഞ്ചാരപരിധി.

സയൻസ് ഫിക്ഷനുകളിലെയും ‘ദ് ജെറ്റ്സൺസ്’ പോലെ ഭാവിയുടെ കഥ പറയുന്ന കാർട്ടൂണുകളിലെയും ഇഷ്ട ഇതിവൃത്തമായ ‘പറക്കും ടാക്സി’യിൽ പണം മുടക്കാൻ സന്നദ്ധരായി രംഗത്തുള്ളത് ചില്ലറക്കാരല്ല എന്നതും ശ്രദ്ധേയമാണ്. വിമാന നിർമാതാക്കളായ എയർബസും റൈഡ് ഷെയറിങ് കമ്പനിയായ യൂബറും മുതൽ ഗൂഗ്ൾ സഹ സ്ഥാപകൻ ലാറി പേജിന്റെ പിന്തുണ നേടിയ സ്റ്റാർട് അപ് സംരംഭമായ കിറ്റി ഹോക്ക് വരെ ഈ മേഖലയിൽ സജീവമാണ്.

റോൾസ് റോയ്സിന്റെ ‘പറക്കും ടാക്സി’യുടെ ഡിജിറ്റൽ അവതരണത്തിന് ഫാൻബറോ എയർഷോ വേദിയാവും. എയർ ഫ്രെയിം, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ അനുയോജ്യരായ പങ്കാളികളെ ലഭിച്ചാൽ ‘ഇ വി ടി ഒ എൽ’ വാണിജ്യാടിസ്ഥാനത്തിൽ യാഥാർഥ്യമാക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.