Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ കൂടുതൽ ഷോറൂമിന് ബിഎംഡബ്ല്യു മോട്ടോറാഡ്

bmw-g-310r-gs-310

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ പ്രീമിയം മോട്ടോർ സൈക്കിൾ നിർമാണ വിഭാഗമായ ബി എം ഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലെ ഡീലർഷിപ് ശൃംഖല വിപുലീകരിക്കാൻ ഒരുങ്ങുന്നു. ആഡംബര ബൈക്ക് വിപണന മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അടുത്ത വർഷത്തോടെ കമ്പനി ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നത്. 

ഇക്കൊല്ലം ആദ്യ ആറു മാസത്തിനിടെ 208 മോട്ടോർ സൈക്കിളുകളാണു ബി എം ഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിൽ വിറ്റത്. കഴിഞ്ഞ വർഷമാണ് കമ്പനി ഔദ്യോഗികമായി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. അടുത്ത വർഷത്തോടെ രാജ്യവ്യാപക സാന്നിധ്യം ഉറപ്പാക്കാനാണു കമ്പനിയുടെ ശ്രമമെന്ന് ബി എം ഡബ്ല്യു മോട്ടോറാഡ് ഏഷ്യ, ചൈന, പസഫിക്, ദക്ഷിണ ആഫ്രിക്ക മേഖല മേധാവി ദിമിത്രി റാപ്റ്റിസ് അറിയിച്ചു. വൻനഗരങ്ങൾക്കു പുറത്തുള്ള ചില പട്ടണങ്ങളിലും ഡീലർഷിപ് തുറക്കാൻ കമ്പനിക്കു പദ്ധതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

നിലവിൽ ഡൽഹി, മുംബൈ, പുണെ, ചെന്നൈ, അഹമ്മദബാദ്, ബെംഗളൂരു, കൊച്ചി നഗരങ്ങളിലാണു ബി എം ഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകൾ പ്രവർത്തിക്കുന്നത്.  ചണ്ഡീഗഢിലെയും കൊൽക്കത്തയിലെയും ഡീലർഷിപ്പുകളും വൈകാതെ പ്രവർത്തനം തുടങ്ങുന്നുണ്ട്. അടുത്ത വർഷം ആദ്യത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 10 ആക്കി ഉയർത്തുമെന്ന് ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ്വ അറിയിച്ചു. 

ഇതോടൊപ്പം അക്സസറി വിപണനം ഊർജിതമാക്കാനും ബി എം ഡബ്ല്യു മോട്ടോറാഡിനു പദ്ധതിയുണ്ട്. ഡീലർഷിപ്പുകൾക്കു പുറമെ ഓൺലൈൻ മാധ്യമങ്ങളിലൂടെയും അക്സസറി വിൽക്കാനാണു നീക്കം.റൈഡിങ് ഗീയർ, ഹെൽമറ്റ്, ബൂട്സ്, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ തുടങ്ങിയവയൊക്കെ ബി എം ഡബ്ല്യു മോട്ടോറാഡിന്റെ അക്സസറി ശേഖരത്തിലുണ്ട്. ആഗോളതലത്തിൽ 1.64 ലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ വർഷം ബി എം ഡബ്ല്യു മോട്ടോറാഡിന്റെ വിൽപ്പന; മുൻവർഷത്തെ അപേക്ഷിച്ച് 15% അധികമാണിത്. 2020 ആകുന്നതോടെ വാർഷിക വിൽപ്പന രണ്ടു ലക്ഷം യൂണിറ്റിലെത്തിക്കാനാണു കമ്പനിയുടെ പദ്ധതി.  നിലവിൽ ആറു മോഡലുകളാണു ബി എം ഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിൽ വിൽക്കുന്നത്. ഇതിൽ 500 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ‘ജി 310 ആർ’, ‘ജി 310 ജി എസ്’ എന്നിവയുടെ അരങ്ങേറ്റം കഴിഞ്ഞ ദിവസമായിരുന്നു.