ജർമൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബി എം ഡബ്ല്യു മോട്ടോറാഡ് ഇന്ത്യ രണ്ടു പുതിയ ബൈക്കുകൾ പുറത്തിറക്കി. ‘ബി എം ഡബ്ല്യു എഫ് 750 ജി എസ്’, ‘ബി എം ഡബ്ല്യു 850 ജി എസ്’ എന്നിവയ്ക്ക 14.40 ലക്ഷം രൂപ വരെയാണു വില. സ്റ്റാൻഡേഡ്, പ്രോ, പ്രോ ലോ സസ്പെൻഷൻ പതിപ്പുകളിലാണ് ഇരു ബൈക്കുകളും ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്. ബൈക്കുകൾക്കുള്ള ബുക്കിങ്ങുകൾ ബി എം ഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങിയതായും കമ്പനി അറിയിച്ചു.
തികച്ചും പുതുമയുള്ള രൂപത്തോടെയാണ് ‘എഫ് 750 ജി എസ്’, ‘എഫ് 850 ജി എസ്’ ബൈക്കുകളുടെ വരവ്; ഒരുപോലെയല്ലാത്ത(അസിമട്രിക്കൽ) ഹെഡ്ലൈറ്റ്, ‘ജി എസ്’ ഫ്ളൈലൈൻ, മുന്നിൽ ‘ജി എസ്’ കൊക്ക്, അപ്പർ വീൽ കവർ, വീതി കുറഞ്ഞ കവർ, എൽ ഇ ഡി ഹെഡ്ലൈറ്റ്, ഡേടൈം റണ്ണിങ് ലൈറ്റ്, പുതിയ രൂപകൽപ്പനയുള്ള ബ്രിജ് ഫ്രെയിം തുടങ്ങിയവയൊക്കെ ബൈക്കിലുണ്ട്. 853 സി സി, ഇരട്ട സിലിണ്ടർ, ഇൻലൈൻ എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഘർഷണം കുറയ്ക്കാനായി സെൽഫ് ആംപ്ലിഫയിങ് ആന്റി ഹോപ്പിങ് ക്ലച് വഴിയാണ് എൻജിന്റെ കരുത്ത് ചക്രങ്ങളിലെത്തുന്നത്.
മികച്ച യാത്രാസുഖത്തിനായി ക്രൂസ് കൺട്രോൾ സൗകര്യവും ഇരുബൈക്കുകളിലുമുണ്ട്. മികച്ച സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്ക് സംവിധാനത്തിനൊപ്പം ഓട്ടമാറ്റിക് സ്റ്റെബിലിറ്റി കൺട്രോളും ബൈക്കിലുണ്ട്. പുത്തൻ രൂപകൽപ്പനയുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ അനലോഗ് സ്പീഡോമീറ്റർ, മൾട്ടിഫംക്ഷനൽ ഡിസ്പ്ലേ ന്നിവയുണ്ട്. പ്രത്യേക ആപ്ലിക്കേഷന്റെ സഹായമില്ലാതെ ബ്ലൂ ടൂത്ത് വഴി ഫോണും മീഡിയ സംവിധാനങ്ങളും ഇതിലേക്കു കൂട്ടിച്ചേർക്കാനുമാവും.