ഈ സീസൺ കഴിയുന്നതോടെ ഡാനിയൽ റിസിയാർഡൊ ടീം വിടുകയാണെന്നു റെഡ്ബുൾ റേസിങ്. ഫ്രഞ്ച് ടീമായ റെനോയ്ക്കൊപ്പമാവും റിസിയാർഡൊ അടുത്ത ഫോർമുല വൺ ലോക ചാംപ്യൻഷിപ് സീസണിൽ മത്സരിക്കുക. റെനോ സ്പോർട് ഫോർമുല വൺ ടീമുമായി രണ്ടു വർഷത്തെ കരാറാണ് ഓസ്ട്രേലിയൻ ഡ്രൈവറായ റിസിയാർഡൊ ഒപ്പുവച്ചത്.
തന്റെ കായിക ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലൊന്നെന്നായിരുന്നു റെഡ്ബുൾ വിടാനുള്ള തീരുമാനത്തെ റിസിയാർഡൊ വിശേഷിപ്പിച്ചത്. എങ്കിലും പുതിയ വെല്ലുവിളികളും അവസരങ്ങളും തേടി റെനോയ്ക്കൊപ്പം ചേരാൻ തീരുമാനിക്കുകയായിരുന്നു. പങ്കെടുക്കുന്ന മത്സരഇനങ്ങളിലെല്ലാം വിജയക്കൊടി നാട്ടിയ ചരിത്രമാണു റെനോയുടെത്. ഈ മുന്നേറ്റത്തിൽ ടീമിനെ സഹായിക്കാനും ഗണ്യമായ സംഭാവന നൽകാനും സാധിക്കുമെന്നും റിസിയാർഡൊ പ്രതീക്ഷ പ്രകടിപ്പിച്ചു.
ദശാബ്ദം മുമ്പ് 2008ലാണു റിസിയാർഡൊ റെഡ് ബുൾ ജൂനിയർ ടീമിൽ ചേർന്നത്. 2011ൽ എച്ച് ആർ ടിക്കൊപ്പം ബ്രിട്ടീഷ് ഗ്രാൻപ്രിയിലായിരുന്നു അദ്ദേഹത്തിന്റെ ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിലെ അരങ്ങേറ്റം. ടോറൊ റോസൊയിൽ രണ്ടു സീസൺ പൂർത്തിയാക്കിയ ശേഷം 2014ലാണ് റെഡ് ബുൾ റേസിങ് ഡ്രൈവറായത്. തുടർന്ന് ഇതുവരെഏഴു വിജങ്ങളും രണ്ട് പോൾ പൊസിഷനും റിസിയാർഡൊ സ്വന്തമാക്കി; 29 തവണയാണ് അദ്ദേഹം വിജയപീഠത്തിൽ ഇടംപിടിച്ചത്.
ആസ്റ്റൻ മാർട്ടിൻ റെഡ് ബുൾ റേസിങ്ങിനോടു വിട പറയാനുള്ള റിസിയാർഡൊയുടെ തീരുമാനത്തെ മാനിക്കുന്നതായി ടീം പ്രിൻസിപ്പൽ ക്രിസ്റ്റ്യൻ ഹോർണർ അറിയിച്ചു. 2014ൽ ടീമംഗമായതു മുതൽ നൽകിയ സേവനങ്ങൾക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. അടുത്ത സീസണിൽ റെഡ് ബുൾ റേസിങ്ങിൽ മാക്സ് വെർസ്ട്രാപ്പന്റെ സഹഡ്രൈവർ ആരാവുമെന്നു പിന്നീട് പ്രഖ്യാപിക്കുമെന്നും ഹോർണർ വ്യക്തമാക്കി. അതുവരെ ഈ സീസണിലെ അവശേഷിക്കുന്ന ഒൻപതു ഗ്രാൻപ്രികളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാണു ടീം മുൻഗണന നൽകുന്നത്. 118 പോയിന്റുമായി ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്താണു റിസിയാർഡൊ; 223 പോയിന്റുള്ള റെഡ് ബുൾ റേസിങ് ടീമാവട്ടെ നിർമാതാക്കളുടെ ചാംപ്യൻഷിപ്പിൽ മെഴ്സീഡിസിനും ഫെറാരിക്കും പിന്നിൽ മൂന്നാമതാണ്.