സൂപ്പർ താരങ്ങളായി 7 മാരുതിയും 3 ഹ്യുണ്ടേയ്‌‌യും

top-selling-cars
Representative Image

ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള പാസഞ്ചർ കാർ വിൽപ്പന കണക്കുകൾ നോക്കുമ്പോൾ ആദ്യ പത്തിൽ മാരുതിയുടേയും ഹ്യുണ്ടേയ്‌യുടേയും സമ്പൂർണ്ണ ആതിപത്യം. മാരുതിയുടെ കോംപാക്റ്റ് സെഡാൻ ഡിസയറാണ് ഒന്നാമൻ. 166088 യൂണിറ്റുകളാണ് ഡിസയറിന്റെ കഴിഞ്ഞ ഏഴുമാസത്തെ വിൽപ്പന. കഴിഞ്ഞ വർഷം ഇതേ സമയത്ത് രണ്ടാം സ്ഥാനത്തായിരുന്ന ഡിസയറിന്റെ വിൽപ്പന 74 ശതമാനം വളർന്നാണ് ഒന്നാമനായത്. രണ്ടാം സ്ഥാനത്ത് മാരുതിയുടെ ചെറു ഹാച്ച് ആൾട്ടോ. 146761 യൂണിറ്റാണ് വിൽപ്പന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1 ശതമാനം വിൽപ്പന കുറവാണ്.

ഹാച്ച്ബാക്കായ സ്വിഫ്റ്റാണ് മൂന്നാം സ്ഥാനത്ത് 131091 യൂണിറ്റ് സ്വിഫ്റ്റുകളാണ് നിരത്തിലിറങ്ങിയത്. നാലാം സ്ഥാനത്ത് 125451 യൂണിറ്റുകളുമായി ബലേനോയും അഞ്ചാം സ്ഥാനത്ത് 100604 യൂണിറ്റുകളുമായി വാഗൺആറുമുണ്ട്. 87893 യൂണിറ്റുമായി കോംപാക്റ്റ് എസ്‌യുവി ബ്രെസ ആറാം സ്ഥാനത്തുണ്ട്. മാരുതിയുടേതല്ലാത്ത ടോപ്ടെന്നിൽ ഇടംപിടിച്ച ആദ്യവാഹനം ഹ്യുണ്ടേയ് ഐ20 എലൈറ്റാണ്. ഏഴാം സ്ഥാനത്തെത്തിയ എലൈറ്റിന്റെ വിൽപ്പന 81464 യൂണിറ്റാണ്. ഹ്യുണ്ടേയ് ഐ10 ഗ്രാൻഡ്(70501), ഹ്യുണ്ടേയ് ക്രേറ്റ (70501), മാരുതി സെലേറിയോ (55615) തുടങ്ങിയ വാഹനങ്ങളാണ് ആദ്യ പത്തിലെത്തിയ മറ്റു വാഹനങ്ങൾ. 

മാരുതിയുടേയോ ഹ്യുണ്ടേയ്‌യുടേയോ വാഹനങ്ങൾ കഴിഞ്ഞാൽ വിൽപ്പനയിൽ ഏറ്റവും മുന്നിൽ മഹീന്ദ്ര ബൊലേറോയാണ്. 54752 യൂണിറ്റുകളാണ് ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ വിറ്റത്. 53576 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ ടിഗാഗോയാണ് 12–ാം സ്ഥാനത്ത്. മാരുതി ഓമ്നി (51007), മാരുതി ഇക്കോ (47936), ടൊയോട്ട ഇന്നോവ (46297), റെനോ ക്വിഡ് (38459), ഫോഡ് ഇക്കോസ്പോർട്ട് (34793), മാരുതി എർട്ടിഗ (34063), ഹോണ്ട അമെയ്സ് (33557), ഹ്യുണ്ടേയ് ഇയോൺ (32450) തുടങ്ങിയവയാണ് ആദ്യ ഇരുപതിൽ ഇടം പിടിച്ച മറ്റുവാഹങ്ങൾ.