ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനിയുടെയും സുന്ദരം ക്ലേടൺ ലിമിറ്റഡിന്റെയും സാമൂഹിക സേവന വിഭാഗമായ ശ്രീനിവാസൻ സർവീസസ് ട്രസ്റ്റി(എസ് എസ് ടി)ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനായ സ്വരൺ സിങ് ചുമതലയേറ്റു. 2017 മുതൽ ട്രസ്റ്റ് ഡപ്യൂട്ടി ചെയർമാനായി പ്രവർത്തിക്കുന്ന സിങ്ങിനെ കഴിഞ്ഞ ഒന്നു മുതലാണു സി ഇ ഒ ആയി നിയമിച്ചത്. പൊതുസേവന മേഖലയിൽ മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയമുള്ള സിങ് തമിഴ്നാട് സർക്കാരിന്റെ വിവിധ വകുപ്പുകൾക്കു നേതൃത്വം നൽകിയിട്ടുണ്ട്.
തിരുച്ചിറപ്പള്ളി കോർപറേഷൻ കമ്മിഷണർ, തൂത്തുക്കുടി ജില്ലാ കലക്ടർ, തമിഴ്നാട് വാട്ടർ സപ്ലൈ ആൻഡ് ഡ്രെയ്നേജ് ബോർഡ്(ടി ഡബ്ല്യു എ ഡി) ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു. തമിഴ്നാട് വ്യവസായ, വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കമ്മിഷണറുമായിരിക്കെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നു സിങ് വിരമിച്ചത്. കഴിഞ്ഞ 14 വർഷമായി റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനായ അശോക് ജോഷിയായിരുന്നു എസ് എസ് ടിയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്നത്. സിങ്ങിന്റെ വരവോടെ ജോഷിയെ ട്രസ്റ്റിന്റെ ഉപദേശകനായി മാറ്റിയിട്ടുണ്ട്.
സ്വയം പര്യാപ്ത സമൂഹങ്ങളെ സൃഷ്ടിക്കുന്നതിലായിരുന്നു ജോഷിയുടെ നേതൃത്വത്തിൽ എസ് എസ് ടി ഊന്നൽ നൽകിയിരുന്നത്. 2004ൽ 66 ഗ്രാമങ്ങളായിരുന്നു ട്രസ്റ്റിന്റെ പ്രവർത്തന മേഖല; എന്നാൽ ഇപ്പോൾ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലായി അയ്യായിരത്തോളം ഗ്രാമങ്ങളിൽ എസ് എസ് ടിയുടെ സേവനം ലഭ്യമാണ്. കേന്ദ്ര സർക്കാരിന്റെ നിർമൽ ഗ്രാം പുരസ്കാറും തമിഴ്നാട് സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണ, വിനിയോഗ വിഭാഗത്തിലെ പുരസ്കാരവുമൊക്കെ ജോഷിയുടെ നേതൃത്വത്തിൽ എസ് എസ് ടി നേടിയെടുത്തിരുന്നു.