Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഷ്കരിച്ച അപാച്ചെ ആർ ടി ആർ 180 എത്തി; വില 84,578 രൂപ

tvs-apache-rtr-180 TVS Apache RTR 180

ഇതുവരെയുള്ള വിൽപ്പന 30 ലക്ഷം യൂണിറ്റ് പിന്നിട്ടതിന്റെ ആഘോഷമായി ‘അപാച്ചെ ആർ ടി ആർ 180’ ബൈക്കിന്റെ നവീകരിച്ച പതിപ്പുമായി ടി വി എസ് മോട്ടോർ കമ്പനി. 84,578 രൂപയാണു പരിഷ്കരിച്ച ‘അപാച്ചെ ആർ ടി ആർ 180’ ബൈക്കിനു ഡൽഹി ഷോറൂമിൽ വില. ആന്റി ലോക്ക് ബ്രേക്ക് കൂടിയാവുന്നതോടെ വില 93,692 രൂപയായി ഉയരും. പുതിയ നിറക്കൂട്ട്, വേറിട്ട സീറ്റ് മെറ്റീരിയൽ, പരിഷ്കരിച്ച ക്രാഷ് ഗാഡ്, വെള്ള പശ്ചാത്തലത്തിലുള്ള സ്പീഡോമീറ്റർ, ഫോർജ് ചെയ്ത ഹാൻഡ്ൽ ബാർ, ഹാൻഡ്ൽ ബാർ അഗ്രത്തിൽ വെയ്റ്റ് തുടങ്ങിയവയുമായാണു ബൈക്കിന്റെ വരവ്.

‘ആർ ടി ആർ 160 ഫോർ വി’യും ‘ആർ ടി ആർ 200 ഫോർ വി’യുടെയും രൂപകൽപ്പനാ ശൈലി ടി വി എസ് പരിഷ്കരിച്ചെങ്കിലും ആ പുതുമ ‘180 ആർ ടി ആറി’ൽ പിന്തുടർന്നിട്ടില്ല. കഴിഞ്ഞ മേയിൽ വിൽപ്പനയ്ക്കെത്തിയ ‘ആർ ടി ആർ 180 റേസ് എഡീഷനി’ൽ നിന്നു വ്യത്യസ്തമായി പരിമിതമായ ഗ്രാഫിക്സ് മാത്രമാണു നവീകരിച്ച ‘180 ആർ ടി ആറി’ലുള്ളത്. ഒപ്പം ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ സ്പീഡോമീറ്റർ വെള്ള പശ്ചാത്തലത്തിലാക്കാനും ടി വി എസ് തയാറായി; ഇതുവരെ ടാക്കോമീറ്റർ വെള്ള പശ്ചാത്തലത്തിലും സ്പീഡോമീറ്റർ നീല പശ്ചാത്തലത്തിലുമായിരുന്നു. സ്ലൈഡർ സഹിതമുള്ള നവീകരിച്ച ക്രാഷ് ഗാഡാണ് പുതിയ ‘180 ആർ ടി ആറി’ലെ മറ്റൊരു സവിശേഷത. 

അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു പരിഷ്കരിച്ച ‘180 ആർ ടി ആർ’ എത്തുന്നത്. മുന്നിൽ 270 എം എം, പിന്നിൽ 200 എം എം പെറ്റൽ ഡിസ്ക് ബ്രേക്കുകളാണു ബൈക്കിലുള്ളത്; ഓപ്ഷനൽ വ്യവസ്ഥയിൽ ഇരട്ട ചാനൽ എ ബി എസുമുണ്ട്. ഇരട്ട ക്രേഡിൽ ഫ്രെയിം ഷാസിയോടെ എത്തുന്ന ബൈക്കിന്റെ മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക് അബ്സോബറുമാണു സസ്പെൻഷൻ.

ബൈക്കിനു കരുത്തേകുന്നത് 177 സി സി, ഇരട്ട വാൽവ്, എയർ കൂൾഡ് എൻജിനാണ്; 8,500 ആർ പി എമ്മിൽ 16.3 ബി എച്ച് പി കരുത്തും 6,500 ആർ പി എമ്മിൽ 15.5 എൻ എമ്മോള ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർ ബോക്സോടെ എത്തുന്ന ബൈക്കിനു ടി വി എസ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 115 കിലോമീറ്ററാണ്.