ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി പ്രകടനക്ഷമതയേറിയ ‘2018 അപാച്ചെ ആർ ടി ആർ 160 ഫോർ വി’ ശ്രീലങ്കൻ വിപണിയിൽ അവതരിപ്പിച്ചു. കൊളംബോ ഷോറൂമിൽ 3,79,900 ശ്രീലങ്കൻ രൂപ(ഏകദേശം 1,62,886 ഇന്ത്യൻ രൂപ)യാണു ബൈക്കിനു വില. 160 സി സി വിഭാഗത്തിലെ ഏറ്റവും കരുത്തേറിയ ബൈക്കാണ് ‘അപാച്ചെ ആർ ആർ 160 ഫോർ വി’ എന്നാണു കമ്പനിയുടെ അവകാശവാദം.
ബൈക്കിനു കരുത്തേകുന്നത് 159.7 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക്, ഫോർ വാൽവ്, ഓയിൽ കൂൾഡ് എൻജിനാണ്. മികച്ച റൈഡിങ് അനുഭവത്തിനായി അഞ്ചു സ്പീഡ്, സൂപ്പർ സ്ലിക്ക് ഗീയർ ബോക്സും ഈ ‘അപാച്ചെ’യിലുണ്ട്.‘ടി വി എസ് അപാച്ചെ ആർ ടി ആർ’ ശ്രേണിയിലെ ആവേശകരമായ നവാഗതനാണ് ‘അപാച്ചെ ആർ ടി ആർ 160 ഫോർ വി’യെന്നു ടി വി എസ് മോട്ടോർ കമ്പനി സീനിയർ വൈസ്പ്രസിഡന്റ്(ഇന്റർനാഷനൽ ബിസിനസ്) ആർ ദിലീപ് അഭിപ്രായപ്പെട്ടു. ശ്രീലങ്കയിൽ ലഭ്യമാവുന്ന ഏറ്റവും കരുത്തേറിയ 160 സി സി ബൈക്കുമാണിത്. റേസിങ്ങിൽ നിന്നുള്ള ആധുനിക സാങ്കേതികവിദ്യയും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനവുമാണു ബൈക്കിൽ സമന്വയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഉയർന്ന വേഗത്തിലും കൂടുതൽ സ്ഥിരത ഉറപ്പാക്കാൻ ഇരട്ട ക്രേഡിൽ, സ്പ്ലിറ്റ് സിങ്ക്രൊ സ്റ്റിഫ് ഫ്രെയിം ഡിസൈനോടെയാണു ബൈക്കിന്റെ വരവ്. മുന്നിൽ ഡിസ്ക് ബ്രേക്ക് സഹിതവും ‘2018 അപാച്ചെ ആർ ടി ആർ 160 ഫോർ വി’ ശ്രീലങ്കയിൽ വിൽപ്പനയ്ക്കുണ്ട്. പൂർണമായും ഡിജിറ്റൽ രീതിയിലുള്ള സ്പീഡോമീറ്റർ സഹിതമെത്തുന്ന ബൈക്കിന് അടിത്തറയാവുന്നത് റേസ് ട്രാക്കുകളിൽ സജീവ സാന്നിധ്യമായ ‘ആർ ടി ആർ 165’ ആണ്. പുതിയ ബൈക്ക് അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നു ടി വി എസ് ലങ്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രവി ലിയനഗെ അഭിപ്രായപ്പെട്ടു.