Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ലിപ്പർ ക്ലച്ചോടെ ‘അപാച്ചെ ആർ ടി ആർ 200 4 വി’

Apache RTR 200 4V Race Edition 2.0 Apache RTR 200 4V Race Edition 2.0

‘റേസ് എഡീഷൻ 2.0’എന്ന പേരിട്ട് ടി വി എസ് ‘അപാച്ചെ ആർ ടി ആർ 200 ഫോർ വി’യുടെ പുതിയ പതിപ്പ് പുറത്തിറക്കി. ആന്റി റിവേഴ്സ് ടോർക്(എ — ആർ ടി) സ്ലിപ്പർ ക്ലച് സാങ്കേതികവിദ്യയാണു പുതിയ ബൈക്കിലെ പ്രധാന ആകർഷണം. കാർബുറേറ്ററുള്ള ‘അപാച്ചെ ആർ ടി ആർ 200 ഫോർ വി’ക്ക് 95,185 രൂപയാണു ഡൽഹിയിലെ ഷോറൂം വില. ഇലക്ടോണിക് ഫ്യുവൽ ഇഞ്ചക്റ്റഡ് പതിപ്പിന് 1,07,885 രൂപയും കാർബുറേറ്ററിനൊപ്പം എ ബി എസ് കൂടിയുള്ള വകഭേദത്തിന് 1,08,085 രൂപയുമാണു ഷോറൂം വില. തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ മാത്രമാണ് ഇ എഫ് ഐ, എ ബി എസ് വകഭേദം ലഭ്യമാവുക.

റേസിങ്ങിൽ നിന്നു പ്രചോദിതമായ പുത്തൻ ഗ്രാഫിക്സോടെയാണ് ‘അപ്പാച്ചെ ആർ ടി ആർ 200 ഫോർ വി റേസ് എഡീഷൻ 2.0’ എത്തുക. മെച്ചപ്പെട്ട ഏറോഡൈനാമിക്സിനായി ഫ്ളൈ സ്ക്രീനും ബൈക്കിലുണ്ട്. അതേസമയം ബൈക്കിനു കരുത്തേകുക 197.75 സി സി, സിംഗിൾ സിലിണ്ടർ എൻജിനാവും; 8,500 ആർ പി എമ്മിൽ 20.5 പി എസ് കരുത്തും 7,000 ആർ പി എമ്മിൽ 18.1 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

ഈ വിഭാഗത്തിൽ ആധുനിക ‘എ — ആർ ടി സ്ലിപ്പർ’ ക്ലച്ച് സഹിതമെത്തുന്ന ആദ്യ ബൈക്കാണ് ‘ടി വി എസ് അപാച്ചെ 200 ഫോർ വി റേസ് എഡീഷൻ 2.0’ എന്നാണു ടി വി എസിന്റെ അവകാശവാദം. ക്ലച്ചിന്റെ പ്രതിരോധം 22% കുറച്ച് അതിവേഗമുള്ള അപ് ഷിഫ്റ്റുകൾ സാധ്യമാക്കാൻ ഈ സാങ്കേതികവിദ്യയ്ക്കു കഴിയുമെന്നും അങ്ങനെ ബൈക്കിന്റെ പ്രകടനം മെച്ചപ്പെടുത്താനാവുമെന്നുമാണു ടി വി എസിന്റെ വാദം. ഉയർന്ന വേഗത്തിൽ ഡൗൺഷിഫ്റ്റ് ചെയ്യുമ്പോൾ റൈഡറുടെ സുരക്ഷ ഉറപ്പാക്കാനും കോണറിങ് വേളയിൽ വീൽ ഹോപ്പിങ് ഒഴിവാക്കാനും ബാക്ക് ബാലൻസ് ടോർക് ലിമിറ്റർ ഇഫക്ടിലൂടെ വാഹനത്തിന്റെ സ്ഥിരത മെച്ചപ്പെടുത്താനുമൊക്കെ ഈ സാങ്കേതികവിദ്യ സഹായിക്കുമത്രെ.