സോഫ്റ്റ്വെയർ തകരാർ പരിഹരിക്കാൻ ലക്ഷ്യമിട്ട് കോംപാക്ട് എസ് യു വിയായ ഇകോസ്പോർട് തിരിച്ചുവിളിക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് ഇന്ത്യയ്ക്കു പദ്ധതി. 2017 നവംബറിനും 2018 മാർച്ചിനുമിടയ്ക്കു നിർമിച്ച 7,249 ‘ഇകോസ്പോർട്’ ആണു ഫോഡ് തിരിച്ചുവിളിക്കുന്നത്. 1.5 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിനൊപ്പമുള്ള പവർട്രെയ്ൻ കൺട്രോൾ മൊഡ്യൂൾ(പി സി എം) സോഫ്റ്റ്വെയറിലെ പിഴവുതിരുത്തുകയാണ് ഈ വാഹന പരിശോധനയുടെ ലക്ഷ്യം. 123 ബി എച്ച് പിയോളും കരുത്തും 150 എൻ എം വരെ ടോർക്കുമാണ് ഈ പെട്രോൾ എൻജിൻ സൃഷ്ടിക്കുക. ആക്സിലറേഷൻ നഷ്ടമായി പെട്ടെന്നു വാഹനവേഗം കുറയാനും ബാറ്ററി ഡ്രെയ്നേജിനുമുള്ള സാധ്യതകളാണ് ഈ സോഫ്റ്റ്വെയർ പരിഷ്കാരത്തിലൂടെ ഫോഡ് ഇന്ത്യ കൈവരിക്കുക.
പരിശോധന ആവശ്യമുള്ള ‘ഇകോസ്പോർട്ടി’ന്റെ ഉടമസ്ഥരെ ഇ മെയിൽ വഴിയോ കത്തു മുഖേനയോ വിവരം അറിയിക്കുമെന്നാണു ഫോഡ് ഇന്ത്യയുടെ വാഗ്ദാനം. കൂടാതെ ഫോഡ് ഇന്ത്യ വെബ്സൈറ്റ് സന്ദർശിച്ചു വാഹനത്തിന്റെ തിരിച്ചറിയൽ നമ്പർ(വി ഐ എൻ) വഴിയും പരിശോധന ആവശ്യമായ ‘ഇകോസ്പോർട്’ തിരിച്ചറിയാൻ അവസരമുണ്ട്.
ഒരു വർഷത്തിനിടെ ഇതു രണ്ടാംതവണയാണു ഫോഡ് ഇന്ത്യ ‘ഇകോസ്പോർട്’ തിരിച്ചുവിളിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ഡ്രൈവറുടെയും മുൻസീറ്റ് യാത്രികന്റെയും സീറ്റ് റിക്ലൈനർ ലോക്കിൽ തകരാർ സംശയിച്ച് ഫോഡ് 1,108 പരിഷ്കിച്ച ‘ഇകോസ്പോർട്’ തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു. അന്ന് 2017 നവംബറിലും ഡിസംബറിലുമായി നിർമിച്ച വാഹനങ്ങൾക്കാണു പരിശോധന വേണ്ടി വന്നത്.