സ്വയം ഓടുന്ന വാഹനങ്ങളുടെ കാലമാണ് വരുന്നത് എന്നാണ് പ്രവചനങ്ങൾ. ഡ്രൈവറില്ലാത്ത കാറുകളുടേയും വലിയ വാഹനങ്ങളുടേയുമെല്ലാം പരീക്ഷണയോട്ടങ്ങളും വിവിധ കമ്പനികൾ ആരംഭിച്ചു കഴിഞ്ഞു. കാറുകളും ബസുകളും ട്രക്കുകളും മാത്രമല്ല റൈഡർ ആവശ്യമില്ലാത്ത ബൈക്കുകളും വികസനഘട്ടത്തിലാണ്. തനിയെ ഓടുന്ന ബൈക്കിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിടിരിക്കുന്നു ബിഎംഡബ്ല്യു മോട്ടറാഡ്.
ബിഎംഡബ്ല്യുവിന്റെ ക്രൂസർ ബൈക്ക് ആർ 1200 ജിഎസിനെ അടിസ്ഥാനപ്പെടുത്തിയാണ് തനിയെ ഓടുന്ന ബൈക്കിന്റെ ആദ്യ മാതൃക നിർമിച്ചത്. കാറുകളെപ്പോലെ പൂർണമായും സ്വയം ഓടുന്ന ബൈക്കുകൾ നിർമിക്കാതെ ഇരുചക്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാനാണ് സ്വയം നിയന്ത്രിക്കാൻ പറ്റുന്ന ബൈക്കുകളിൽ പരീക്ഷണങ്ങൾ നടത്തുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സ്റ്റബിലിറ്റിയും കൺട്രോളും നൽകി ഇരുചക്ര വാഹന യാത്രയെ കൂടുതൽ സുരക്ഷിതമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി കൂട്ടിച്ചേർക്കുന്നു. സമീപ ഭാവിയിൽ ഇത്തരത്തിലുള്ള ബൈക്കുകൾ വിപണിയിലെത്തിക്കുമെന്നും ബിഎംഡബ്ല്യു മോട്ടറാഡ് പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ് ബിഎംഡബ്ല്യു ആർ 1200 ജിഎസ്. ക്രൂയിസർ ബൈക്ക് പ്രേമികളുടെ ഇഷ്ട മോഡലായ ആർ 1200 ജി എസിൽ 1170 സിസി രണ്ടു സിലിണ്ടർ എൻജിനാണ് ഉപയോഗിക്കുന്നത്. 7750 ആർപിഎമ്മിൽ 125 ബിഎച്ച്പി കരുത്താണുള്ളത്. 6500 ആർപിഎമ്മിൽ 125 എൻഎം ടോർക്കുമുണ്ട്.