വിൽപ്പനയിൽ ആദ്യ ലക്ഷം പിന്നിട്ട് ടി വി എസ് എൻ ടോർക്

ടിവിഎസ് എൻ ടോർക്, ഫോട്ടോ– ലെനിൻ എസ്. ലങ്കയിൽ

ടി വി എസ് മോട്ടോർ കമ്പനിയുടെ 125 സി സി, ഗീയർരഹിത സ്കൂട്ടറായ ‘എൻ ടോർക്കി’ന്റെ വിൽപ്പന ആദ്യ ലക്ഷം പിന്നിട്ടു. ഈ തകർപ്പൻ നേട്ടത്തിനു പിന്നാലെ മെറ്റാലിക് റെഡ് നിറത്തിൽ കൂടി ‘എൻടോർക് 125’ വിൽപ്പനയ്ക്കെത്തുമെന്നും ഹൊസൂർ ആസ്ഥാനമായ ടി വി എസ് അറിയിച്ചു. നിലവിൽ മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ നിറങ്ങളിലാണ് ‘എൻടോർക്’ ലഭ്യമായിരുന്നത്.

പുതിയ സ്കൂട്ടർ അവതരിപ്പിച്ച പിന്നാലെ 22 ലക്ഷം സന്ദർശകരാണു കമ്പനി വെബ്സൈറ്റ് സന്ദർശിച്ചതെന്നും ടി വി എസ് അവകാശപ്പെട്ടു. ഡീലർഷിപ്പുകളിലും സോഷ്യൽ മീഡിയ ചാനലുകളിലും പുതിയ സ്കൂട്ടറിനെക്കുറിച്ചുള്ള അന്വേഷണങ്ങളുമേറിയിട്ടുണ്ടെന്നും  കമ്പനി വെളിപ്പെടുത്തി.  മാത്രമല്ല, തുടക്കം മുതൽ തന്നെ പ്രധാന എതിരാളിയായ ഹോണ്ട ‘ഗ്രാസ്യ’യെ പിന്തള്ളാനും ‘എൻടോർക്കി’നായി; എന്നാൽ 125 സി സി സ്കൂട്ടർ വിപണിയെ നയിക്കുന്നതു സുസുക്കി ‘അക്സസ്’ തന്നെ. 

ടി വി എസിന്റെ സവിശേഷ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമായ ‘സ്മാർട് കണക്ട്’ ആണ് ‘എൻടോർക്കി’ന്റെ ജനപ്രീതി വർധിപ്പിക്കുന്നത്. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാവുന്ന ‘എൻടോർക്’ മൊബൈൽ ആപ്ലിക്കേഷനുമായി ബ്ലൂടൂത്ത് സാങ്കേതികവിദ്യ ബന്ധിപ്പിക്കുന്ന പുത്തൻ സംവിധാനമാണ് ‘സ്മാർട്കണക്ട്’. ഇതോടെ സ്കൂട്ടറിലെ ഡിജിറ്റൽ സ്പീഡോമീറ്ററിൽ നാവിഗേഷൻ അസിസ്റ്റ്,  ടോപ് സ്പീഡ് റെക്കോഡർ, ഇൻ ബിൽറ്റ് ലാപ് ടൈമർ, ഫോൺ ബാറ്ററി സ്ട്രെങ്ത് ഡിസ്പ്ലേ, ലാസ്റ്റ് പാർക്ഡ് അസിസ്റ്റ്, സർവീസ് റിമൈൻഡർ, ട്രിപ് മീറ്റർ തുടങ്ങി 55 ഫീച്ചറുകളാണ് ലഭ്യമാവുക. കൂടാതെ സ്ട്രീറ്റ്, സ്പോർട് തുടങ്ങി വ്യത്യസ്ത റൈഡ് മോഡുകളും സ്കൂട്ടറിലുണ്ട്. 

ടി വി എസിന്റെ റേസിങ് പാരമ്പര്യത്തിന്റെ പിൻബലത്തിൽ രൂപകൽപ്പന ചെയ്ത ഈ സ്കൂട്ടറിനു കരുത്തേകുന്നത് പുതുതലമുറ സി വി ടി ഐ — റെവ്വ് 124.79 സി സി, സിംഗിൾ സിലിണ്ടർ, നാലു സ്ട്രോക്ക്, മൂന്നു വാൽവ്, എയർ കൂൾഡ്, സിംഗിൾ ഓവർഹെഡ് കാം എൻജിനാണ്. 7,500 ആർ പി എമ്മിൽ 9.4 പി എസ് കരുത്തും 5,500 ആർ പി എമ്മിൽ 10.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 59,687 രൂപയാണു സ്കൂട്ടറിന്റെ ഡൽഹി ഷോറൂമിലെ വില. 

പുതുലമുറയെ ലക്ഷ്യമിട്ടാണു ‘ടി വി എസ് എൻടോർക് 125’ അവതരിപ്പിച്ചതെന്ന് കമ്പനി വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് — കമ്യൂട്ടർ മോട്ടോർ സൈക്കിൾസ്, സ്കൂട്ടർ ആൻഡ് കോർപറേറ്റ് ബ്രാൻഡ്) അനിരുദ്ധ ഹാൽദാർ വിശദീകരിച്ചു. അവരിൽ നിന്നു മികച്ച വരവേൽപ്പാണു സ്കൂട്ടർ നേടിയെടുത്തതും. ദൈനംദിന ഉപയോഗത്തിനപ്പുറം സമൂഹ മാധ്യമങ്ങളിലും അവർ ‘എൻടോർക്കി’നെ പങ്കാളിയാക്കിയെന്നും ഹാൽദാർ അഭിപ്രായപ്പെട്ടു.