വൈദ്യുവാഹന (ഇ വി) വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാവാൻ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഒരുങ്ങുന്നു. മൊഡുലാർ ഇലക്ട്രിഫിക്കേഷൻ കിറ്റ് അഥവാ എം ഇ ബി പ്ലാറ്റ്ഫോം അടിത്തറയാക്കി ഗ്രൂപ്പിലെ സ്കോഡ, സീറ്റ്, ഔഡി, പോർഷെ ബ്രാൻഡുകളിലായി 27 മോഡലുകൾ അവതരിപ്പിക്കാനാണ് ഫോക്സ്വാഗന്റെ പദ്ധതി. ജർമനിയിലെ വിക്കോ ശാലയിൽ നിന്ന് അടുത്തു വർഷം അവസാനത്തോടെ പുറത്തെത്തുന്ന ഫോക്സ്‌വാഗൻ ‘ഐ ഡി’യാവും വൈദ്യുത വാഹന വിഭാഗത്തിലെ ആദ്യ പോരാളി.
മൂന്നു വർഷം മുമ്പ് ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടങ്ങിയ പശ്ചാത്തലത്തിലാണ് മാലിന്യവിമുക്ത ഗതാഗത മേഖലയിൽ ശക്തരാവാൻ ഫോക്സ്‌വാഗൻ തീരുമാനിച്ചത്. ഇ കാർ നിർമാണത്തിനായി 700 കോടി ഡോളർ(ഏകദേശം 50,733 കോടി രൂപ) നിക്ഷേപിക്കാനാണു കമ്പനിയുടെ നീക്കം; ഇതിൽ നാലിലൊന്നോളം ജർമനിയിലെ മൂന്നു ശാലകളിലാവും ഫോക്സ്‌വാഗൻ മുടക്കുക.ആദ്യ ഘട്ടത്തിൽ തന്നെ എം ഇ ബി പ്ലാറ്റ്ഫോം ഉപയോഗിച്ച് ഒരു കോടിയോളം കാറുകൾ നിർമിക്കാനാവുമെന്നാണു പ്രതീക്ഷയെന്നും കമ്പനിയുടെ വൈദ്യുത വാഹന വിഭാഗം മേധാവി തോമസ് അൾബ്രിച് വെളിപ്പെടുത്തി.
അതേസമയം വൈദ്യുത വാഹന മോഡലുകളുടെ അവതരണത്തിനുള്ള സമയക്രമമൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 2025 ആകുന്നതോടെ ഇ കാർ വിഭാഗത്തിന്റെ വാർഷിക വിൽപ്പന 30 ലക്ഷം യൂണിറ്റിലെത്തുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. അപ്പോഴേക്ക് ബാറ്ററിയിൽ ഓടുന്ന 50 കാറുകൾ വിൽപ്പനയ്ക്കെത്തിക്കാനാണു ഫോക്സ്വാഗൻ ഗ്രൂപ്പിന്റെ മോഹം.
ജർമൻ എതിരാളികളെ പോലെ യു എസിലെ വൈദ്യുത വാഹന ഉൽപ്പാദനം വർധിപ്പിക്കാൻ ഫോക്സ്‌വാഗനും പരിപാടിയുണ്ട്. വ്യാപക നിർമാണം ലക്ഷ്യമിടുന്ന ‘മോഡൽ ത്രീ’യുടെ ഉൽപ്പാദനം ഉയർത്താൻ ടെസ്ല ഇൻകോർപറേറ്റഡ് ബുദ്ധിമുട്ടുന്നതിനിടെയാണ് എതിരാളികളുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഫോക്സ്‌വാഗനു പുറമെ ബി എം ഡബ്ല്യുവും ഡെയ്മ്ലറുമൊക്കെ വൈദ്യുത കാർ നിർമാണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.