ഇരുചക്രവാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാൻ മടിയുള്ളവരാണ് ഭൂരിഭാഗം ആളുകളും. മുടികൊഴിയും, മറ്റുവാഹനങ്ങൾ ഹോൺഅടിച്ചാൽ കേൾക്കില്ല, കുറച്ചു ദൂരം മാത്രമേ പോകുന്നുള്ളു തുടങ്ങിയ ന്യായങ്ങൾ നിരത്തി ഹെൽമെറ്റ് ധരിക്കാരിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. ഓരോ വർഷവും റോഡുകളിൽ പൊലിയുന്നത് ആയിരക്കണക്കിന് ജീവനുകളാണ്. അപകടങ്ങളിൽ പെട്ട് ആശുപത്രിക്കിടക്കയിലായവരുടെ എണ്ണം അതിലും എത്രയോ കൂടുതൽ. അപകടത്തിന്റേയും മരണത്തിന്റേയും എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. അലക്ഷ്യമായി, അശ്രദ്ധമായി വാഹനം ഓടിക്കുന്നതുമൂലവും അപകടങ്ങൾ ധാരാളമുണ്ടാകുന്നുണ്ടെങ്കിലും ഇരുചക്രവാഹന യാത്രക്കാരുടെ മരണത്തിന്റെ പ്രധാന കാരണം തലയ്ക്കേൽക്കുന്ന പരിക്കുകളാണ്
എല്ലാ ബൈക്ക് യാത്രികരും നിർബന്ധമായി ധരിച്ചിരിക്കേണ്ട ഒന്നാണ് ഹെൽമറ്റ്. പോലീസിൽ നിന്ന് രക്ഷനേടാൻ മാത്രമല്ല അപകടങ്ങളിൽ നിന്നുള്ള സ്വന്തം സുരക്ഷയ്ക്കും ഹെൽമെറ്റ് അത്യാവശ്യമാണെന്ന് ഈ വിഡിയോ പറയും. തിരപ്പതി പൊലീസാണ് ഹെൽമെറ്റിന്റെ ഉപയോഗമെന്തെന്ന് വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ടത്. ട്രാഫിക് സിസിടിവിയിൽ പതിഞ്ഞൊരു അപകടത്തിന്റേതാണ് ദൃശ്യങ്ങൾ. സ്കൂട്ടറിലെത്തിയ ആൾ നിയന്ത്രണം തെറ്റി റോഡിലേയ്ക്ക് മറിയുകയായിരുന്നു. തല അടിച്ചാണ് റോഡിലേയ്ക്ക് വീഴുന്നത്. വാഹനത്തിന്റെ പുറകിൽ ഹെൽമെറ്റ് കൊളുത്തിയിട്ടിട്ടുണ്ടായിരുന്നു എങ്കിലും തലയിൽ വെച്ചിരുന്നില്ല. അപടമുണ്ടാകുമ്പോൾ ഏറ്റവും കുടുതൽ പരിക്കേൽക്കാൻ സാധ്യതയുള്ളത് തലയ്ക്കാണെന്നും അതുകൊണ്ട് ഇരുചക്രവാഹനം ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്നുമാണ് പൊലീസ് വിഡിയോയിലൂടെ പറയുന്നത്.
ഹെൽമെറ്റ് എന്തിന്?
ചെറിയ വീഴ്ച്ചകളിൽ നിന്നും, ചെറിയ ആഘാതങ്ങളിൽ നിന്നും രക്ഷപെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിർമ്മിതി. എന്നാൽ വേഗതയുടെ ഈ കാലഘട്ടത്തിൽ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെ സഞ്ചരിക്കുന്നതിനാൽ അപകടം സംഭവിച്ചാലും വലിയ പരിക്കുകൾ പറ്റില്ല എന്ന് കരുതി ഹെൽമെറ്റ് വെയ്ക്കാതിരിക്കുന്നത് ശരിയല്ല. കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തിൽ നിന്ന് തലഅടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്.
55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നാൽ ഒരു സെക്കന്റിൽ 49 അടി സഞ്ചരിക്കുന്നു എന്നാണ്. അതായത് 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും. ഒരാൾക്ക് ഹെൽമെറ്റ് ധരിക്കാതിരിക്കാൻ ആയിരക്കണക്കിന് കാരണങ്ങൾ ഉണ്ടാകും. എന്നാൽ അതെല്ലാം പാഴ്‌വാദങ്ങളാകാൻ ഈ ഒറ്റകാര്യം മനസിലാക്കിയാൽ മതി.
What is the Use of Helmet
മുഖം മുഴുവൻ മൂടുന്ന ഹെൽമെറ്റാണ് ഏറ്റവും നല്ലത്. ഇത് വീഴ്ച്ചയിൽ തലയെ മാത്രമല്ല താടി എല്ലുകളെയും സംരക്ഷിക്കും. ശരിയായ ഐഎസ്‌ഐ മാർക്കുള്ള എല്ലാ ഹെൽമെറ്റും സുരക്ഷിതമാണ്. മൂന്നു വർഷത്തിൽ ഒരിക്കൽ പുതിയ ഹെൽമെറ്റ് വാങ്ങിക്കുകയായിരിക്കും ഉചിതം. ഒരിക്കല്‍ ജീവന്‍ രക്ഷിച്ചുവെന്നുള്ള പരിഗണനയൊന്നും ഉപയോഗിച്ച ഹെല്‍മെറ്റിനോട് ആവശ്യമില്ല, വീഴ്ചയുടെ ആഘാതം വലിച്ചെടുത്ത ഹെല്‍മെറ്റിന് ആന്തരികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഒറ്റ നോട്ടത്തില്‍ അതു മനസിലാക്കാനാകില്ല. അതുകൊണ്ടുതന്നെ അപകടത്തില്‍ പെട്ട ഹെല്‍മെറ്റ് ഉപേക്ഷിച്ച് പുതിയതു വാങ്ങുകതന്നെ വേണം.