തിരുച്ചിറപ്പള്ളിയിൽ നിന്ന് ദുബായിലേക്ക് പറന്നുയരുമ്പോൾ മതിലിൽ ഇടിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടകരമായി പറന്നത് 3 മണിക്കൂർ. അതും 136 പേരുടെ ജീവൻ തുലാസിലാക്കി. നാലു മണിക്കൂറുകൾ സഞ്ചരിച്ച് മുംൈബയിൽ എത്തിയ വിമാനത്തിന് സാരമായ കേടുപാടുകളുണ്ട് എന്നാണ് കണ്ടെത്തിയത്. ഏകദേശം 36000 അടി ഉയരത്തില്‍ 870 കിലോമീറ്റർ വേഗത്തിൽ പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. തിരുച്ചിറപ്പള്ളിയിൽ നിന്നും ദുബായ് ലക്ഷ്യമാക്കി പറന്ന വിമാനം ഏറെ നേരം കടലിന് മുകളിലൂടെ സഞ്ചരിച്ച ശേഷമാണ് മുംബൈയിലേക്ക് അടിയന്തരമായി തിരിച്ചു വിളിച്ചതെന്നാണ് റിപ്പോർട്ട്.
അപകടത്തില്‍പെട്ട വിമാനത്തിന്റെ രണ്ടു ചക്രങ്ങള്‍ക്ക് മാത്രം തകരാര്‍ സംഭവിച്ചുവെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട്. മതിലിടിച്ചു തകര്‍ത്ത വിമാനം തുടര്‍ന്നും പറപ്പിച്ച പൈലറ്റുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്, സംവിധാനങ്ങളെല്ലാം സ്വാഭാവികമാണെന്നും വിമാനത്തിന്റെ പ്രവര്‍ത്തനത്തിന് തകരാറുകളില്ലെന്നുമായിരുന്നു. മുംബൈയിൽ എമർജെൻസി ലാൻഡിങ് നടത്തിയ വിമാനത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് 136 പേർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് മനസിലായത്.
വിമാനത്തിന്റെ ബോഡിയിൽ നിരവധി ഭാഗങ്ങൾക്ക് കേടുപാടുകളുണ്ട്. മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം പരിശോധിച്ചപ്പോള്‍ മാത്രമാണ് കാര്യമായ തകരാറുണ്ടെന്ന് കണ്ടെത്തിയത്. വിമാനത്തിന്റെ ചട്ടക്കൂട് ഏറെക്കുറെ തകർന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ നിന്നു മനസിലാകുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.20 ഓടെയായിരുന്നു ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനം അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം പുലര്‍ച്ചെ 5.35 ഓടെ മുംബൈയില്‍ ഇറക്കുകയായിരുന്നു. ഗുരുതരുമായ തകരാറുകള്‍ സംഭവിച്ച വിമാനത്തിന്റെ ആന്റിന ട്രിച്ചി വിമാനത്താവളത്തില്‍ കണ്ടെത്തിയിരുന്നു. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായതെന്ന് വിമാനം പരിശോധിച്ച വിദഗ്ധര്‍ വിലയിരുത്തി. സംഭവത്തെ തുടർന്ന് ഇരു പൈലറ്റുമാരെയും എയർഇന്ത്യ സസ്പെന്റ് ചെയ്തു.