Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിനെ പറ്റിച്ചെന്ന് ആശ്വസിക്കേണ്ട, ഹെൽമെറ്റില്ലെങ്കിൽ ഫൈൻ വീട്ടിൽ വരും

helmet

പൊലീസിനെ കാണുമ്പോൾ മാത്രം ഹെൽമെറ്റ് ധരിക്കുന്നവരാണ് ഇരുചക്രവാഹന യാത്രികരിൽ ചിലരെങ്കിലും.  ഇനി അഥവാ ഹെല്‍മെറ്റില്ലെങ്കിൽ ഇടറോഡുകളിലൂടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പായും. എന്നാൽ ആ പണി ഇനി നടക്കില്ല. നഗരങ്ങളിലെ ഇടവഴികളിലും ഊടുവഴികളിലും ഹെൽമറ്റ് തിരിച്ചറിയാൻ ശേഷിയുള്ള ക്യാമറകളുമായി പൊലീസ് വരുന്നു. ട്രാഫിക് നിയമപാലനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്.

പ്രധാനറോഡുകളിൽ മാത്രമല്ല, ഇടറോഡുകളിലും ഹെൽമറ്റ് വെക്കാത്തവരെ പിടികൂടുകയാണ് ഹെൽമറ്റ് ഡിറ്റക്ഷൻ ക്യാമറയുടെ ലക്ഷ്യം. നിലവിൽ വളവിലും തിരിവിലും മറഞ്ഞു നിന്ന് ബൈക്കുകൾ പിടികൂടുന്നതാണ് പൊലീസിന്റെ രീതി. എന്നാൽ ഇടറോഡുകളിൽ പുതിയ ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെ മനുഷ്യപ്രയത്നം ഇല്ലാതെ നിയമലംഘനം പിടികൂടാം.

ഹെൽമറ്റ് ഡിറ്റക്ഷൻ ക്യാമറകൾക്കൊപ്പം ചുവപ്പ് സിഗ്നൽ മറികടക്കുന്നത് പിടികൂടാനുള്ള ക്യാമറകളും സ്ഥിരം അപകടമേഖലകളിൽ എഎൻപിആർ (ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ) ക്യാമറകളും അടക്കമുള്ള പുതിയ സംവിധാനമാണ് പൊലീസ് കഴിഞ്ഞ ദിവസം സമർപ്പിച്ച പുതിയ പദ്ധതിയിലുള്ളത്.

180 കോടി ചെലവു പ്രതീക്ഷിക്കുന്ന ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം പൂർണമായും ഡിജിറ്റലായി പ്രവർത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനമാണ്. പിഴയടയ്ക്കാനുള്ള നോട്ടിസുകൾ തയാറാക്കുന്നതു പോലും കംപ്യൂട്ടർ സംവിധാനമുപയോഗിച്ചാണ്. ഹെൽമറ്റ് ഡിറ്റക്ഷൻ ക്യാമറകളും ചുവപ്പു സിഗ്നൽ ക്യാമറകളും കേന്ദ്രീകൃത കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുകയും പിഴയടയ്ക്കാനുള്ള ചലാനുകൾ അയയ്ക്കുകയും ചെയ്യും.