ജാവയുടെ രണ്ടാം വരവിന് 293 സിസി എൻജിൻ, കരുത്ത്് 27 എച്ച്പി

Jawa Engine

രണ്ടാം വരവിൽ ജാവ ഉപയോഗിക്കുക 293 സിസി എൻജിൻ. ആരാധകർക്ക് ഏറെ ആവേശം നൽകുന്ന വാർത്ത ജാവ കമ്പനി തന്നെയാണ് പുറത്തുവിട്ടത്. 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കുമുണ്ട് എൻജിന്. നേരത്തെ ജാവയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്ന ആരാധകനോടാണ് ഈ വർഷം തന്നെ ബൈക്ക് പുറത്തിറങ്ങുമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നു. എൻജിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട കമ്പനി ഉടൻ തന്നെ ബൈക്കും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതു തലമുറ ബൈക്കുകളുടെ മുന്നിൽ പിടിച്ചു നിൽക്കാനാവാത്തതും ടൂ സ്ട്രോക്ക് ബൈക്കുകളുടെ നിരോധനവും മൂലം ഐഡിയൽ ജാവ യെസ്‍ഡിയുടെ നിർ‌മാണം അവസാനിപ്പ് ഇന്ത്യയിൽ നിന്നു വിടവാങ്ങിയത് 1966ലാണ്. ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരിൽ ബൈക്കുകൾ പുറത്തിറക്കാനുള്ള ലൈസൻസ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎൽപിഎൽ) സ്വന്തമാക്കിയതോടെയാണ് ജാവ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്. മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റിൽ നിന്നായിരിക്കും ജാവയുടെ രണ്ടാം വരവ്. മഹീന്ദ്ര ടൂ വീലറുകളുടെ ബ്രാൻഡിലല്ല, ജാവ എന്ന പേരിൽതന്നെയായിരിക്കും ബൈക്കുകൾ പുറത്തിറക്കുക.

ഇന്ത്യയിൽ  ഇരുചക്രവാഹന നിർമാതാക്കൾ ഇല്ലാതിരുന്ന കാലത്തു മുംബൈയിലെ ഇറാനി ഗ്രൂപ്പായിരുന്നു യെസ്ഡി ബൈക്കുകൾ ആദ്യമായി ഇറക്കുമതി ചെയ്തിരുന്നത്. 1950ൽ കേന്ദ്രസർക്കാർ ഇരുചക്രവാഹന ഇറക്കുമതി നിരോധിച്ചതോടെ വിദേശത്തുനിന്നു പാർട്സുകൾ എത്തിച്ച് ഇന്ത്യയിൽ വച്ച് അസംബിൾ ചെയ്തു ബൈക്ക് നിരത്തിലിറക്കി. റസ്റ്റോം ഇറാനി എന്ന വ്യവസായ പ്രമുഖന്റെ നേതൃത്വത്തിൽ മൈസൂരുവിൽ 1961 മാർച്ചിൽ ഐഡിയൽ ജാവ എന്ന പേരിൽ തദ്ദേശീയ ബൈക്ക് കമ്പനി പ്രവർത്തനമാരംഭിച്ചു. ചെക്കിലെ ജാവ യെസ്ഡി എന്ന പേരു മാറ്റി ഇന്ത്യയിൽ യെസ്ഡി എന്ന ബ്രാൻഡിലായിരുന്നു ബൈക്ക് ഉൽപാദനം.