ജാവ ഇന്ത്യയിൽ രണ്ടാം അങ്കത്തിനെത്തുമ്പോൾ ആദ്യ ഡീലർഷിപ്പ് പുണെയിൽ. രണ്ടു പുതിയ ഡീലർഷിപ്പുകളാണ് പുണെ നഗരത്തിൽ ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ 60 ഡീലർഷിപ്പുകളും അടുത്ത മാർച്ചിൽ 105 പുതിയ ഡീലർഷിപ്പുകളും തുറക്കുമെന്നാണ് ക്ലാസിക് ലെജന്റ് പ്രൈവറ്റ് ലിമിറ്റഡ് അറിയിക്കുന്നത്. കേരളത്തിൽ ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ.
പോയ കാലത്തെ പ്രതാപമായിരുന്ന ജാവ മോട്ടോർെെസക്കിൾ വീണ്ടും എത്തുമ്പോൾ ക്ലാസിക് രൂപഭംഗി നിലനിർത്തിയിട്ടുണ്ട്. ആധുനിക ലിക്വിഡ് കൂൾഡ് ഫോർസ്ട്രോക്ക് എൻജിനും എബിഎസും ഡിസ്ക് ബ്രേക്കുമൊക്കെയായാണ് ആധുനിക ജാവ എത്തുന്നത്. രണ്ടു മോഡലുകളാണ് വിപണിയിലെത്തിയത് ജാവ ക്ലാസിക്കിന് 1.64 ലക്ഷം രൂപയും ജാവ 42ന് 1.55 ലക്ഷം രൂപയുമാണ് വില.
JAWA First Look | Exclusive Visuals
ഇരു ബൈക്കുകൾക്കും കരുത്തേകുക 293 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, നാലു വാൽവ് എൻജിനാവും; മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമാണ് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഈ എൻജിന്. എൻജിൻ ശേഷിയടക്കം എല്ലാം മാറിയിട്ടും ട്വിൻ െെസലൻസറുകൾ നിലനിൽക്കുന്നു. എൻജിൻ രൂപവും വാഹനത്തിന്റെ രൂപം പോലെ തന്നെ പഴമ നിലനിർത്തുന്നു.