കാറുകൾക്ക് ‘കണക്ട്’ പതിപ്പുമായി ഫോക്സ്‍വാഗൻ

Vento

ഫോക്സ്‌വാഗൻ കണക്ട് വെഹിക്കിൾ അസിസ്റ്റൻസ് സംവിധാനമുള്ള ‘പോളോ’യും ‘അമിയൊ’യും ‘വെന്റോ’യും ജർമൻ നിർമാതാക്കളായ ഫോക്സ് വാഗൻ വിപണിയിലിറക്കി. ഹാച്ച്ബാക്കായ ‘പോളോ’യുടെ ‘കണക്ട് എഡീഷ’ന് 5.55 ലക്ഷം മുതൽ 9.39 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില; കോംപാക്ട് സെഡാനായ ‘അമിയൊ’യ്ക്ക് 5.65 ലക്ഷം മുതൽ 9.99 ലക്ഷം രൂപ വരെയും ‘വെന്റോ’യുടെ ‘കണക്ട് എഡീഷ’ന് ഡൽഹി ഷോറൂമിൽ 8.38 ലക്ഷം രൂപ മുതൽ 14.02 ലക്ഷം രൂപയാണു വില. സാധാരണ മോഡലിനെ അപേക്ഷിച്ച് അധിക വില ഈടാക്കാതെയാണ് ഫോക്സ്വാഗൻ ‘കണക്ട് എഡീഷൻ’ വിൽപ്പനയ്ക്കെത്തിക്കുന്നത്.

കാറിലെ ഓൺ ബോർഡ് ഡയഗ്ണോസ്റ്റിക്സ്(ഒ ബി ഡി) പോർട്ടിൽ ഘടിപ്പിക്കാവുന്ന ഡോങ്കിൾ സഹിതമാണ് ‘കണക്ട് എഡീഷൻ’ കാറുകൾ എത്തുക; ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ്ൾ സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്ന ഫോക്സ്വാഗൻ കണക്ട് ആപ്ലിക്കേഷൻ വഴി ഈ സംവിധാനത്തെ ഉടമയ്ക്കു സ്മാർട്ഫോണുമായും ബന്ധിപ്പിക്കാനാവും. ഫോണും വാഹനവുമായി ബ്ലൂടൂത്ത് വഴി ബന്ധം സ്ഥാപിച്ചാൽ കാറിന്റെ ട്രിപ്, ഇന്ധന ചെലവ്, ഡ്രൈവറുടെ പെരുമാറ്റം, കാറിന്റെ സ്ഥാനം തുടങ്ങിയവയൊക്കെ ഉടമയ്ക്കു നിരീക്ഷിക്കാനാവും. കൂടാതെ അടിയന്തര സാഹചര്യത്തിൽ ഫോക്സ്വാഗൻ ഹെൽപ്ലൈനുമായി ബന്ധപ്പെടാനും സർവീസ് ബുക്ക് ചെയ്യാനുമൊക്കെ സൗകര്യമുണ്ട്. 

വിങ് മിററിൽ ബ്ലാക്ക് കാർബൺ ഫിനിഷ്, റൂഫിലും സൈഡ് ഫോയിലിലും ഗ്ലോസി ഫിനിഷ് തുടങ്ങിയവയാണു ‘കണക്ട് എഡീഷ’ന്റെ പുറത്തെ മാറ്റം. ഫെൻഡറിൽ ക്രോം ഫിനിഷുള്ള ‘കണക്ട്’ ബാഡ്ജിനൊപ്പം 16 ഇഞ്ച് ഗ്രേ പൊർട്ടാഗൊ അലോയ് വീലും കാറിലുണ്ട്. അകത്തളത്തിൽ ലതററ്റ് സീറ്റ് കവർ, അലൂമിനിയം പെഡൽ എന്നിവയുമുണ്ട്. അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘പോളോ’, ‘അമിയൊ’, ‘വെന്റോ’ എന്നിവയുടെ ‘കണക്ട് എഡീഷ’ന്റെ വരവ്. സാധാരണ എൻജിൻ, ട്രാൻസ്മിഷൻ സാധ്യതകൾ മാത്രമാണ് ‘കണക്ട് എഡീഷനി’ലും ലഭ്യമാവുക. ‘കണക്ട് എഡീഷൻ’ എത്തുമ്പോൾ ‘പോളോ’, ‘അമിയൊ’, ‘വെന്റോ’ എന്നിവയ്ക്ക് ലാപിസ് ബ്ലൂ എന്ന പുതുനിറവും ഫോക്സ്‌വാഗൻ ലഭ്യമാക്കുന്നുണ്ട്. ‘വെന്റോ’യുടെ മുന്തിയ വകഭേദമായ ‘ഹൈലൈൻ പ്ലസി’ൽ കൂടുതൽ സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർബാഗും ഫോക്സ്‌വാഗൻ ലഭ്യമാക്കിയിട്ടുണ്ട്.