ഇന്ത്യക്കായ് ഇന്ത്യയിൽ നിർമിച്ച ആദ്യ എസ്‍യുവി. കരുത്തും സ്റ്റൈലും ഒത്തിണങ്ങിയ സിയറ ഒരു കാലത്ത് ഇന്ത്യൻ യുവാക്കളെ ത്രസിപ്പിച്ച വാഹനമായിരുന്നു. 1991ൽ വിപണിയിലെത്തിയ വാഹനം 2000ൽ ഉൽപാദനം നിർത്തിയെങ്കിലും ഇപ്പോഴും വാഹനപ്രേമികളുടെ മനസ്സിൽ സിയറയുടെ ചതുര രൂപം ഉടയാതെ നിൽക്കുന്നു. ടാറ്റയുടെ ഐതിഹാസിക വാഹനം സിയറയുടെ പുതിയ പതിപ്പിന്റെ ഡിസൈൻ നിർവഹിക്കാൻ താൽപര്യമുണ്ടെന്നാണ് ടാറ്റയുടെ ഡിസൈൻ ഹെഡ് പ്രതാപ് ബോസ് ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
നിരവധി ആളുകൾ സിയറയുടെ രണ്ടാം വരവിനായി ആഗ്രഹിക്കുന്നുണ്ടെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ പുതിയ സിയറയുടെ ഡിസൈൻ ചെയ്യാൻ താൽപര്യമുണ്ടെന്നാണ് പ്രതാപ് പറഞ്ഞത്. എന്നാൽ പുതിയ കാലവുമായി സിയറ യോജിക്കുമോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. എന്തൊക്കെയായാലും സിയറ പ്രേമികൾക്ക് ചെറിയൊരു പ്രതീക്ഷയ്ക്കുള്ള വകയാണ് പ്രതാപ് നൽകിയത്.
ഇന്ത്യൻ വിപണിയിൽ പല ഫീച്ചറുകളും അവതരിപ്പിച്ച വാഹനമായിരുന്നു സിയാറി. ടാറ്റ ടെൽകോസ്പോർട്ട് എന്ന പേരിൽ സ്െപയിനിലും മറ്റും സിയറ വിറ്റിട്ടുണ്ട്. ടിൽറ്റബിൾ പവർ സ്റ്റിയറിങ്, പവർ വിൻഡോ, ഏസി എന്നിവ സിയറയിലൂടെ െസഗ്‌മെന്റ് ഫസ്റ്റ് ആയി അവതരിപ്പിക്കപ്പെട്ടു. പല വിളിപ്പേരുകൾ സിയറയ്ക്കുണ്ടായിരുന്നു. പിൻസീറ്റിലെ സ്ഥലസൗകര്യം സഞ്ചരിക്കുന്ന െബഡ്റൂം എന്ന വിശേഷണം സിയറയ്ക്കു നേടിക്കൊടുത്തു. വലിയ എസ്‌യുവി ആയിരുന്നെങ്കിലും അഞ്ചുപേർക്കു മാത്രമേ സഞ്ചരിക്കാൻ കഴിയുമായിരുന്നുള്ളൂ.
ആ അഞ്ചുപേർ രാജാക്കൻമാരെപോലെ യാത്ര െചയ്യണമെന്നു ടാറ്റയ്ക്കു നിർബന്ധമുള്ളതുകൊണ്ടാവാം ലെഗ്റൂം െഹഡ്റൂം ലഗേജ് റൂം എന്നിവ താരതമ്യത്തിനപ്പുറമായിരുന്നു. മൂന്നുഡോറുകളുള്ള സിയറയുടെ പിന്നിലെ ഗ്ലാസിനെ ഫിഷ്ടാങ്ക് ഗ്ലാസ് എന്നായിരുന്നു വിളിച്ചിരുന്നത്. തുറക്കാൻ പറ്റാത്ത ഈ വലിയ ഗ്ലാസ് സിയറയ്ക്കു നൽകിയ ചന്തം ഒന്നുേവറെതന്നെയാണ്. ഇന്ത്യയുടെ ആദ്യ യഥാർഥ എസ്‌യുവി എന്നു വേണമെങ്കിൽ സിയറയെ വിളിക്കാം. 1948 സിസി ഫോർ സിലിണ്ടർ എൻജിൻ 90 പിഎസ് കരുത്തുമുള്ള ഈ ഭീമന്റെ പരമാവധി വേഗം മണിക്കൂറിൽ 135 കിലോമീറ്റർ.
സിയറ തെളിച്ചിട്ട പാതയിലൂടെ ഒട്ടേറെ എസ്‌യുവികളും ടാറ്റയുടെ തന്നെ സഫാരിയും കടന്നുവന്നു. പക്ഷേ, ചതുരവടിവിന്റെ ആ ആശാൻ ഇപ്പോഴും മുൻഗാമിയുടെ ഗമയിൽ കാണാമറയത്തുണ്ട്. സിയറയോളം പൗരുഷമുള്ള മറ്റൊരു വാഹനം ടാറ്റയിൽനിന്നു പിന്നെ വന്നിട്ടില്ല എന്നതും ഓർമകൾക്കു കാരണമാവുന്നു.