റോയൽ എൻഫീൽഡ് ശ്രേണിയിലെ ‘തണ്ടർബേഡ് 350 എക്സി’ലും ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്) ഏർപ്പെടുത്തി. ഇരട്ട ചാനൽ എ ബി എസ് കൂടിയെത്തിയതോടെ ബൈക്കിന്റെ വില ഡൽഹി ഷോറൂമിൽ 1.63 ലക്ഷം രൂപയായി ഉയർന്നു. എ ബി എസ് ഇല്ലാത്ത ‘തണ്ടർബേഡ് 350 എക്സി’ന് 1.56 ലക്ഷം രൂപയാണു ഡൽഹി ഷോറൂമില വില. എ ബി എസുള്ള ‘തണ്ടർ ബേഡ് 350 എക്സ്’ രാജ്യവ്യാപകമായി തന്നെ ഉടൻ വിൽപ്പനയ്ക്കെത്തുന്നുണ്ട്.
വർഷാവസാനത്തോടെ എല്ലാ ബൈക്കുകളിലും എ ബി എസ് ലഭ്യമാക്കുമെന്നു കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ റോയൽ എൻഫീൽഡ് വ്യക്തമാക്കിയിരുന്നു. മികച്ച സുരക്ഷ ലക്ഷ്യമിട്ട് ‘ക്ലാസിക് സിഗ്നൽസ് 350’, ‘ഹിമാലയൻ’, ‘ക്ലാസിക് 500’ തുടങ്ങിയവയിൽ കമ്പനി എ ബി എസ് ലഭ്യമാക്കിക്കഴിഞ്ഞു. ഈ മാസം അവസാനിക്കുമ്പോഴേക്ക് ‘തണ്ടർബേഡ് 500 എക്സി’ലും എ ബി എസ് ഘടിപ്പിക്കുമെന്നാണു സൂചന.
ഇക്കൊല്ലം ഫെബ്രുവരിയിലായിരുന്നു റോയൽ എൻഫീൽഡ് ‘തണ്ടർബേഡ് 350 എക്സ്’, ‘500 എക്സ്’ എന്നിവ വിൽപ്പനയ്ക്കെത്തിച്ചത്. പുത്തൻ ഹാൻഡ്ൽ ബാർ, സീറ്റ്, റൈഡിങ് പൊസിഷൻ തുടങ്ങിയവയായിരുന്നു ‘എക്സ്’ ശ്രേണിയുടെ സവിശേഷത പോരെങ്കിൽ ട്യൂബ് രഹിത ടയർ, ഒൻപതു സ്പോക്ക് കറുപ്പ് അലോയ് വീൽ തുടങ്ങിയവയും ഇതാദ്യമായി റോയൽ എൻഫീൽഡ് ബൈക്കിൽ ഇടംപിടിച്ചത് ഈ ‘തണ്ടർബേഡ് എക്സി’ലൂടെയാണ്.
‘തണ്ടർബേഡി’ലെ 346 സി സി എൻജിൻ തന്നെയാണ് ‘തണ്ടർബേഡ് 350 എക്സി’നുംകരുത്തേകുന്നത്; 19.8 ബി എച്ച് പിയോളം കരുത്തും 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.