മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവി അൾട്യൂറസ് ഈ മാസം ഷോറൂമുകളിലെത്തും. വിൽപന എന്നു മുതലെന്നു വ്യക്തമല്ലെങ്കിലും വില 24നു പ്രഖ്യാപിക്കും. എസ്‌യുവി 26 മുതൽ ഷോറൂമുകളിലുണ്ടാകുമെന്നും സൂചന. 7–സീറ്റർ എസ്‌യുവി മഹീന്ദ്രയുടെ കൊറിയൻ കമ്പനിയായ സാങ്‌യോങ്ങിന്റെ റെക്സ്റ്റണിന്റെ പുതിയ പതിപ്പാണ്. രണ്ടു വകഭേദങ്ങളുമായി നാലു നിറങ്ങളിലാവും മഹീന്ദ്രയുടെ പുത്തൻ എസ് യു വി വിപണിയിലെത്തുക. ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്ഷനോടെയുള്ള ഫോർ വീൽ ഡ്രൈവ്, ടു വീൽ ഡ്രൈവ് ലേ ഔട്ടുകളിലാവും ഈ 24ന് അൽടുറാസിന്റെ അരങ്ങേറ്റം. ഗ്രേ, ബ്രൗൺ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാവും അൽടുറാസ് ടു ഡബ്ല്യു ഡി എ ടി’യുടെയും അൽടുറാസ് ഫോർ ഡബ്ല്യു ഡി എ ടിയുടെയും വരവ്.
ഒപ്പം പുത്തൻ അൽടുറാസിനുള്ള ബുക്കിങ്ങുകളും മഹീന്ദ്ര സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്; അര ലക്ഷം രൂപ അഡ്വാൻസ് ഈടാക്കി ഓൺലൈൻ രീതിയിലാവും കമ്പനി ബുക്കിങ് ഏറ്റെടുക്കുക. മഹീന്ദ്രയുടെ ദക്ഷിണ കൊറിയൻ സംരംഭമായ സാങ്യങ് ശ്രേണിയിലെ ജി ഫോർറെക്സ്റ്റന്റെ രണ്ടാം തലമുറയാണ് ഇപ്പോൾ അൽടുറാസ് എന്ന പേരിൽ ഇന്ത്യയിൽ അരങ്ങേറ്റത്തിനു തയാറെടുക്കുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എസ് യു വി മഹീന്ദ്രയുടെ ചക്കൻ ശാലയിലാണു നിർമിക്കുന്നത്. വിദേശ നിർമിത കിറ്റുകൾ ഇറക്കുമതി ചെയ്ത് അസംബ്ൾ ചെയ്താണ് ‘ഓൾടുറാസി’ന്റെ വരവ്.
അൽടുറാസിനു കരുത്തേകുന്നത് 2.2 ലീറ്റർ, ഡീസൽ എൻജിനാണ്; 185 ബി എച്ച് പി വരെ കരുത്തും 420 എൻ എംടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ സാധ്യത. ‘ഓൾടുറാസി’ന്റെ വില 30 ലക്ഷം രൂപയിലധികമാവുമെന്നു മഹീന്ദ്ര സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ടൊയോട്ട ‘ഫോർച്യൂണർ’, ഫോഡ് ‘എൻഡേവർ’, ഹോണ്ട ‘സി ആർ — വി’ തുടങ്ങിയവയോടാണ് അൽടുറാസിന്റെ പോരാട്ടം.