സ്കോർപിയൊയ്ക്ക് എസ് 9 വകഭേദവുമായി മഹീന്ദ്ര

Mahindra Scorpio

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സ്കോർപിയൊ’യുടെ ‘എസ് നയൻ’ വകഭേദം മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പുറത്തിറക്കി; 13.99 ലക്ഷം രൂപയാണു ‘സ്കോർപിയൊ എസ് നയനി’നു ഡൽഹി ഷോറൂമിൽ വില. സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിലും ‘എസ് 11’ വകഭേദത്തെ അപേക്ഷിച്ചു വില കുറയുമെന്നതാണ് ‘എസ് നയൻ സ്കോർപിയൊ’യുടെ സവിശേഷത. 

സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘എസ് നയൻ’ എത്തുന്നത്; കാറിലെ 2.2 ലീറ്റർ എം ഹോക്ക് ടർബോ ഡീസൽ എൻജിന് 140 ബി എച്ച് പിയോളം കരുത്തും 320 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ആറാം തലമുറ ബോർഗ് വാർണർ ടർബോചാർജർ സഹിതമെത്തുന്ന എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്. ‘എസ് നയനി’ൽ പക്ഷേ ഓൾ വീൽ ഡ്രൈവ് സൗകര്യം ലഭ്യമല്ല.‘സ്കോർപിയൊ എസ് 11’ മാത്രമാണ് ഓൾ വീൽ ഡ്രൈവോടെ എത്തുന്നത്. 

അതേസമയം ‘എസ് 11’ വകഭേദത്തിലെ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ഏറെക്കുറെ പൂർണമായി തന്നെ ‘എസ് നയനി’ൽ ലഭ്യമാണ്. ഫുള്ളി ഓട്ടമാറ്റിക് ടെംപറേച്ചർ കൺട്രോൾ(എഫ് എ ടി സി), ഇരട്ട എയർബാഗ്, എ ബി എസ്, പ്രൊജക്ടർ ഹെഡ്ലാംപ്, ജി പി എസ് നാവിഗേഷൻ സഹിതം 5.9 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയൻമെന്റ് സിസ്റ്റം, ടേൺ ഇൻഡിക്കേറ്റർ സഹിതം ഔട്ടർ റിയർവ്യൂ മിറർ, സ്റ്റീയറിങ് വീലിൽ ഓഡിയോ — ക്രൂസ് കൺട്രോൾ ബട്ടൻ തുടങ്ങിയവയൊക്കെ ‘സ്കോർപിയൊ എസ് നയനി’ലുണ്ട്. ടാറ്റ മോട്ടോഴ്സിന്റെ ‘ഹെക്സ’യോടൊണു മഹീന്ദ്ര ‘സ്കോർപിയൊ’ പ്രധാനമായും മത്സരിക്കുന്നത്.