മഹീന്ദ്രയുടെ നിരയിലെ ഏറ്റവും അഡംബര വാഹനം അൽടുറാസ് ഈ മാസം 24 ന് വിപണിയിലെത്തും. പ്രീമിയം എസ് യു വി സെഗ്മെന്റിൽ മത്സരിക്കാനെത്തുന്ന വാഹനം എതിരാളികളെക്കാള്‍ മുന്നിലാണെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. വൈ 400 എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച വാഹനം രാജ്യന്തര വിപണിയിലെ സാങ്യോങ് റെക്സ്റ്റണിന്റെ ഇന്ത്യൻ പതിപ്പാണ്. മഹീന്ദ്രയുടെ ലേബലിൽ വിപണിയിലെത്തുന്ന വാഹനം മഹീന്ദ്ര വേൾഡ് ഓഫ് എസ് യു വി എന്ന പ്രീമിയം ഡീസൽഷിപ്പ് വഴിയായിരിക്കും വിൽപ്പനയ്ക്കെത്തിക്കുക.
എതിരാളികളെ വെല്ലുന്ന പ്രീമിയം ഫിച്ചറുകളുമാണ് അൽടുറാസ് വിപണിയിലെത്തുക. റെക്സ്റ്റണെ അതേപൊലെ തന്നെ പുറത്തിറക്കാതെ മഹീന്ദ്രയുടെ ഡിസൈൻ ഫിലോസഫി അടിസ്ഥാനപ്പെടുത്തി ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻഗ്രില്ലിലും ഇന്റീരിയറിലും അലേയ് വീൽ ഡിസൈനിലുമെല്ലാം മാറ്റങ്ങളുണ്ടാകും. ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, 9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ആൻഡ്രോയ്‍ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതികരിക്കാവുന്ന സീറ്റുകള്‍, ലക്ഷ്വറി അപ്ഹോൾസറി. സ്മാർട് ടെയിൽ ഗെയിറ്റ് എന്നിവ പുതിയ എസ് യു വിയിലുണ്ട്.
ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്ഷനോടെയുള്ള ഫോർ വീൽ ഡ്രൈവ്, ടു വീൽ ഡ്രൈവ് ലേ ഔട്ടുകളിലാവും ഈ 24ന് അൽടുറാസിന്റെ അരങ്ങേറ്റം. ഗ്രേ, ബ്രൗൺ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാവും അൽടുറാസ് ടു ഡബ്ല്യു ഡി എ ടി’യുടെയും അൽടുറാസ് ഫോർ ഡബ്ല്യു ഡി എ ടിയുടെയും വരവ്. പുത്തൻ അൽടുറാസിനുള്ള ബുക്കിങ്ങുകളും മഹീന്ദ്ര സ്വീകരിച്ചു തുടങ്ങിയിരുന്നു. അര ലക്ഷം രൂപ അഡ്വാൻസ് ഈടാക്കി ഓൺലൈൻ രീതിയിലാവും കമ്പനി ബുക്കിങ് ഏറ്റെടുക്കുക. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എസ് യു വി മഹീന്ദ്രയുടെ ചക്കൻ ശാലയിലാണു നിർമിക്കുന്നത്. വിദേശ നിർമിത കിറ്റുകൾ ഇറക്കുമതി ചെയ്ത് അസംബ്ൾ ചെയ്താണ് ‘ഓൾടുറാസി’ന്റെ വരവ്.
അൽടുറാസിനു കരുത്തേകുന്നത് 2.2 ലീറ്റർ, ഡീസൽ എൻജിനാണ്; 185 ബി എച്ച് പി വരെ കരുത്തും 420 എൻ എംടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അൾടുറാസിന്റെ വില 30 ലക്ഷം രൂപയിലധികമാവുമെന്നു മഹീന്ദ്ര സൂചിപ്പിച്ചിട്ടുണ്ട്.