തണ്ടർബേഡ് 500 എക്സിലും ആന്റി ലോക്ക് ബ്രേക്ക്

Royal Enfield Thunderbird X

റോയൽ എൻഫീൽഡിന്റെ ക്രൂസർ ബൈക്കായ ‘തണ്ടർ ബേഡ് 500 എക്സ്’ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)ത്തോടെ വിൽപ്പനയ്ക്കെത്തി; ഡൽഹി ഷോറൂമിൽ 2.13 ലക്ഷം രൂപയാണു ബൈക്കിനു വില. എ ബി എസില്ലാത്ത ‘തണ്ടർബേഡ് 500 എക്സി’നെ അപേക്ഷിച്ച് 14,000 രൂപയോളം അധികമാണിത്. മാത്രമല്ല, പുതിയ ബൈക്ക് എത്തിയതോടെ എ ബി എസില്ലാത്ത ‘തണ്ടർബേഡ് 500 എക്സ്’ വിപണിയിൽ നിന്നു പിന്മാറാനും സാധ്യതയേറി.

ക്രൂസറായ ‘തണ്ടർബേഡി’ന്റെ ഫാക്ടറി നിർമിത കസ്റ്റം പതിപ്പാണ് ‘തണ്ടർബേഡ് എക്സ്’; സാധാരണ ‘തണ്ടർബേഡി’ൽ നിന്നു വേറിട്ടി നിർത്തുന്ന രൂപകൽപ്പനാശൈലിയിലാണു ബൈക്കിന്റെ വരവ്. കടുംനിറത്തിലുള്ള ടാങ്ക്, ചേരുന്ന നിറത്തിലുള്ള റിം സ്റ്റിക്കർ, ഒൻപതു സ്പോക്ക് അലോയ് വീൽ, ട്യൂബ് രഹിത ടയർ തുടങ്ങിയവയും ‘തണ്ടർബേഡ് 500 എക്സി’ലുണ്ട്. ഗെറ്റെവേ ഓറഞ്ച്, ഡ്രിഫ്റ്റർ ബ്ലൂ നിറങ്ങളിൽ വിപണിയിലെത്തുന്ന ബൈക്കിന് കറുപ്പ് തീമിലുള്ളബോഡിവർക്കാണു റോയൽ എൻഫീൽഡ് തിരഞ്ഞെടുത്തിരിക്കുന്നത്. 

എന്നാൽ സാങ്കേതികതലത്തിൽ സാധാരണ ‘തണ്ടർബേഡും’ ‘തണ്ടർബേഡ് 500 എക്സു’മായി മാറ്റമൊന്നുമില്ല. എ ബി എസ് സഹിതമെത്തുന്ന ബൈക്കിനു കരുത്തേകുക 499 സി സി, സിംഗിൾ സിലിണ്ടർ, എയർകൂൾഡ് എൻജിനാണ്. 27.5 പി എസ് വരെ കരുത്തും 41.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പിൻബലമുള്ള എൻജിനു കൂട്ട് അഞ്ചു സ്പീഡ് ട്രാൻസ്മിഷനാണ്. മുന്നിൽ 280 എം എം ഡിസ്കും പിന്നിൽ 240 എം എം ഡിസ്കുമാണ് ബ്രേക്ക്.

‘തണ്ടർബേഡ് 500 എക്സ്’ കൂടിയായതോടെ റോയൽ എൻഫീൽഡ് ശ്രേണിയിൽ എ ബി എസ് വിന്യാസം ഏറെക്കുറെ പൂർണമായി. ‘ക്ലാസിക്’, ‘ഹിമാലയൻ’, ‘തണ്ടർബേഡ്’ ശ്രേമികളിൽ നേരത്തെ തന്നെ ആന്റി ലോക്ക് ബ്രേക്ക് സംവിധാനം ലഭ്യമാക്കിയിരുന്നു. ഇനി ‘ബുള്ളറ്റി’ൽ മാത്രമാണ് റോയൽ എൻഫീൽഡ് എ ബി എസ് ഘടിപ്പിക്കാനുള്ളത്.