ചെറു എസ്‌യുവി സെഗ്‍മെന്റിലേക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനത്തിന്റെ പേര് എക്സ്‌യുവി 300. എസ്201 എന്ന കോഡു നാമത്തിൽ അറിയപ്പെട്ടിരുന്ന വാഹനം ഫെബ്രുവരി ആദ്യം വിപണിയിലെത്തും. പ്രീമിയം എസ്‌യുവി അൽടുറാസിന് ശേഷം പുറത്തിറക്കുന്ന ചെറു എസ്‌യുവി വിപണിയിൽ തരംഗങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളി പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച രൂപമാണ് എക്സ്‌യുവി 300 ൽ ഉപയോഗിക്കുന്നത്.
സെഗ്മെന്റിലെ ആദ്യ ഫീച്ചറുകൾ
സെഗ്‌മെന്റിൽ ആദ്യമായി സൺറൂഫുമായി എത്തുന്ന വാഹനമാണ് ചെറു എസ്‌യുവി. കൂടാതെ വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ, നാലു വീലുകളിലും ഡിസ്ക് ബ്രേക്ക് തുടങ്ങി സെഗ്‍മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ പലതുമുണ്ടാകും. എക്സ്‌യുവി 500 ന് സമാനമായ ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ടായും.
മഹീന്ദ്രയുടെ നാലാമത്തെ കോംപക്റ്റ് എസ്‌യുവി
ക്വോണ്ട, ന്യൂവോ സ്പോർട്സ്, ടിയുവി 300 എന്നീ വാഹനങ്ങൾക്ക് ശേഷം മഹീന്ദ്ര പുറത്തിറക്കുന്ന നാലാമത്തെ എസ്‍യുവിയായിരിക്കും ഇത്. മഹീന്ദ്ര പുറത്തിറക്കുന്ന ആദ്യ സബ്4 മീറ്റർ മോണോകോക്ക് വാഹനവും ഇതുതന്നെ.
സെഗ്‍മെന്റിലെ കരുത്തൻ
എൻജിൻ വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനും 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനുമുണ്ടാകും. 123 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ടാകും ഡീസൽ എൻജിന്. സെഗ്‌മെന്റിലെ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുടുതൽ കരുത്തുള്ള എൻജിനും ഇതു തന്നെയാകും. പെട്രോൾ എൻജിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
ടിവോളി പ്ലാറ്റ്ഫോം
മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ ടിവോളിയുടെ പ്ലാറ്റ് ഫോമിന്റെ പരിഷ്കരിച്ച രൂപമായിരിക്കും പുതിയ വാഹനത്തിന്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്നതിനായി പ്ലാറ്റ്ഫോം ചെറുതാക്കി എന്നാണ് മഹീന്ദ്ര പറയുന്നത്. കൂടാതെ എക്സ്‌യുവി 500യുടെ സ്റ്റൈൽ ഇലമെന്റുകളും പുതിയ വാഹനത്തിൽ സ്വീകരിച്ചിട്ടുണ്ട്.
കുറഞ്ഞ വില കൂടുതൽ ഫീച്ചറുകൾ
വിലയിൽ ചെറു എസ്‌യുവികളോടാണ് എസ് 201 മത്സരിക്കുക എങ്കിലും ഫീച്ചറുകളിലും സൗകര്യങ്ങളിലും തൊട്ടടുത്ത സെഗ്മെന്റിലെ വാഹനങ്ങളോട് ഏറ്റുമുട്ടും എന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ. 2016 ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്.