Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സ് യു വി 300 ബുക്കിങ് സ്വീകരിച്ചു ഡീലർമാർ

mahindra-xuv300 Mahindra XUV 300

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള പുത്തൻ അവതരണമായ എക്സ് യു വി 300 കോംപാക്ട് എസ് യു വിക്കുള്ള ബുക്കിങ്ങുകൾ ഡീലർമാർ അനൗപചാരികമായി സ്വീകരിച്ചു തുടങ്ങി. ഫെബ്രുവരി ആദ്യം അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്ന കോംപാക്ട് എസ് യു വിക്കുള്ള ബുക്കിങ്ങുകളാണു മുംബൈയിലെയും പുണൈയിലെയും ഗുജറാത്തിലെയുമൊക്കെ ഡീലർമാർ ഏറ്റെടുക്കുന്നത്. മുംബൈയിൽ 10,000 രൂപയും മറ്റിടങ്ങളിൽ 11,000 രൂപയുമാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്. ഫെബ്രുവരി മധ്യത്തോടെ പുത്തൻ ‘എക്സ് യു വി 300’ കൈമാറാമെന്നാണു ഡീലർമാരുടെ വാഗ്ദാനം; ബുക്കിങ് റദ്ദാക്കുന്ന പക്ഷം അഡ്വാൻസ് മടക്കി നൽകാനും ഡീലർമാർ തയാറാണ്. 

മഹീന്ദ്രയുടെ ഉപസ്ഥാപനമാവും ദക്ഷിണ കൊറിയൻ നിർമാതാക്കളുമായ സാങ്യങ്ങിന്റെ ‘ടിവൊലി’ പ്ലാറ്റ്ഫോം ആധാരമാക്കിയാണ് ‘എക്സ് യു വി 300’ സാക്ഷാത്കരിച്ചിരിക്കുന്നത്; ബോഡി ഘടകങ്ങളും രൂപകൽപ്പനയുമെല്ലാം ‘ടിവൊലി’യിൽ നിന്നു കടമെടുത്തതാണ്. അതേസമയം ഇന്ത്യൻ സാഹചര്യങ്ങൾക്കായി എസ് യു വിയുടെ സസ്പെൻഷൻ മഹീന്ദ്ര പരിഷ്കരിച്ചിട്ടുണ്ട്. എം പി വിയായ ‘മരാസൊ’യിൽ അരങ്ങേറിയ 1.5 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനാവും ‘എക്സ് യു വി 300’ എസ് യു വിക്കും കരുത്തേകുകയെന്നാണു സൂചന. ‘മരാസൊ’യിൽ 123 ബി എച്ച് പിയോളം കരുത്തും 300 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘എക്സ് യു വി 300’ എസ് യു വിയിലെത്തുമ്പോൾ എൻജിനിലിൽ മഹീന്ദ്ര പരിഷ്കാരം നടത്തുമോ എന്നു വ്യക്തമല്ല.

സൺറൂഫിന്റെ സാന്നിധ്യമാവും  മഹീന്ദ്രയുടെ ഈ പുത്തൻ കോംപാക്ട് എസ് യു വിയുടെ പ്രധാന സവിശേഷത. അകത്തളത്തിൽ ടച് സ്ക്രീൻ, ക്രൂസ് കൺട്രോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗ്, പിൻ ഡിസ്ക് ബ്രേക്ക്, എ ബി എസ്, ഇ എസ് പി തുടങ്ങിയവയുണ്ടാവും.  അടുത്ത മാർച്ചിനകം വിൽപ്പനയ്ക്കെത്തുന്ന ‘എക്സ് യു വി 300’ ഇന്ത്യൻ വിപണിയിൽ മത്സരിക്കുക ടാറ്റ ‘നെക്സൻ’, മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഹ്യുണ്ടേയ് ‘ക്രേറ്റ’, നിസ്സാൻ ‘കിക്സ്’ തുടങ്ങിയവയോടാണു മത്സരിക്കുക. വില സംബന്ധിച്ചു കൃത്യമായ സൂചനകളില്ലെങ്കിലും വിവിധ വകഭേദങ്ങൾക്ക് 7.5 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം.