യു എസ് നിർമാതാക്കളായ ഫോഡിന്റെ ഹാച്ച്ബാക്കായ ഫിഗൊയുടെ പരിഷ്കരിച്ച പതിപ്പ് അരങ്ങേറ്റത്തിനു സജ്ജമായി. കാര്യമായി മറയ്ക്കാതെ, പുതിയ ഫിഗൊയുടെ പരീക്ഷണ ഓട്ടവും ഫോഡ് ഊർജിതമായി തുടരുന്നുണ്ട്. പരിഷ്കരിച്ച മുൻ, പിൻ ബംപറുകൾ, നവീകരിച്ച ഹെഡ്‌ലൈറ്റ്, പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയൊക്കെ ഈ ഫിഗൊയിലുണ്ട്.
കാറിന്റെ ടെയിൽ ഗേറ്റിൽ കറുത്ത സ്ട്രിപ്പുണ്ട്; ഒപ്പം ബ്ലു എന്നെഴുതിയിട്ടുമുണ്ട്. പരിഷ്കരിച്ച ഫിഗൊയ്ക്ക് സി എൻ ജി പതിപ്പുള്ളതിനാലാണ് ഈ എഴുത്തെന്നാണു സൂചന. പോരെങ്കിൽ ഫിഗൊയുടെ മുന്തിയ വകഭേദത്തിൽ പിന്നിൽ വാഷ്/വൈപ്, പിൻ സ്പോയ്ലറിലെ സ്റ്റോപ് ലാംപ്, 15 ഇഞ്ച് അലോയ് വീൽ തുടങ്ങിയവയുമുണ്ട്. പരിഷ്കരിച്ച ഫിഗൊയുടെ അകത്തളവും പുത്തൻ ആസ്പയറിനു സമാനമാവുമെന്നാണു പ്രതീക്ഷ. ആപ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ സഹിതമെത്തുന്ന ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിൽ ഫ്ളോട്ടിങ് ഡിസ്പ്ലേയാവും ഇടംപിടിക്കുക. ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, പുത്തൻ അപ്ഹോൾസ്ട്രി എന്നിവയുമുണ്ടാവും. സുരക്ഷ മെച്ചപ്പെടുത്താൻ ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഹിൽ അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയുണ്ടാവും.
‘ആസ്പയറി’ലെ എൻജിനുകൾ തന്നെയാവും പരിഷ്കരിച്ച ‘ഫിഗൊ’യ്ക്കും കരുത്തേകുക. ഡ്രാഗൺ ശ്രേണിയിലെ 1.2 ലീറ്റർ പെട്രോൾ(പരമാവധി 96 ബി എച്ച് പി കരുത്തും 120 എൻ എം ടോർക്കും), 1.5 ലീറ്റർ പെട്രോൾ(123 ബി എച്ച് പി വരെ കരുത്തും 150 എൻ എം ടോർക്കും), 1.5 ലീറ്റർ ഡീസൽ(100 ബി എച്ച് പി കരുത്തും 215 എൻ എം ടോർക്കും) എൻജിനുകളോടെയാവും ‘ഫിഗൊ’ ലഭിക്കുക. 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകൾക്കു കൂട്ട് മാനുവൽ ഗീയർബോക്സാണ്. അതേസമയം 1.5 ലീറ്റർ പെട്രോളിനൊപ്പമുണ്ടാവുക ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാവും.