ഹാച്ച്ബാക്കായ ‘ഫിഗൊ’യുടെ ക്രോസോവർ രൂപം അവതരിപ്പിക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് ഇന്ത്യ ഒരുങ്ങുന്നു. ഈ 31ന് ‘ഫിഗൊ’ ക്രോസ് ഹാച്ച്ബാക്ക് അനാവരണം ചെയ്യാനാണു കമ്പനിയുടെ തയാറെടുപ്പ്.
‘ഫ്രീ സ്റ്റൈൽ’ എന്നു പേരിലാവും ‘ഫിഗൊ’ ക്രോസ് ഹാച്ച്ബാക്ക് വിൽപ്പനയ്ക്കെത്തുകയെന്നാണു സൂചന. കാഴ്ചയിൽ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന്റെ ദൃഢത തോന്നിപ്പിക്കാൻ വേണ്ട പരിഷ്കാരങ്ങളോടെയാവും ‘ഫ്രീ സ്റ്റൈലി’ന്റെ വരവ്. കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ്, റൂഫ് റെയിൽ, ബോഡി ക്ലാഡിങ്, വീതിയേറിയ ടയർ, വലിപ്പമേറിയ വീൽ തുടങ്ങി സാധാരണ ക്രോസോവറുകളിലെ സവിശേഷതയൊക്കെ ‘ഫ്രീ സ്റ്റൈലി’ലും പ്രതീക്ഷിക്കാം.
‘ഫ്രീ സ്റ്റൈലി’ന്റെ അടിസ്ഥാന വകഭേദത്തിൽ ‘ഇകോ സ്പോർടി’ന്റെ പ്രാരംഭ മോഡലുകളിൽ കാണുന്ന ആറ് ഇഞ്ച് ടച് സ്ക്രീൻ എന്റർടെയ്ൻമെന്റ് സംവിധാനവും ലഭ്യമാവും. ക്രോസോവറിന്റെ മുന്തിയ പതിപ്പുകളിലാവട്ടെ സിങ്ക് ത്രീ സഹിതമുള്ള എട്ട് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനമാണു ലഭിക്കുക. മുന്തിയ വകഭേദത്തിലാവട്ടെ ആറ് എയർബാഗും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവുമൊക്കെയുണ്ടാവും.
ഇതിനപ്പുറം ‘ഡ്രാഗൻ’ പരമ്പരയിലെ പുത്തൻ എൻജിനും ‘ഫ്രീ സ്റ്റൈലി’നൊപ്പം ഇന്ത്യയിൽ അരങ്ങേറുമെന്നാണു പ്രതീക്ഷ. ഈ 1.2 ലീറ്റർ, മൂന്നു സിലിണ്ടർ പെട്രോൾ എൻജിന് 95 ബി എച്ച് പി വരെ കരുത്തും 115 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. പഴയ ഐ ബി ഫൈവ് യൂണിറ്റിനു പകരം ഗെറ്റ്റാഗിൽ നിന്നുള്ള പുത്തൻ അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും ഈ എൻജിനു കൂട്ട്.
സ്റ്റീയറിങ്, സസ്പെൻഷൻ ക്രമീകരണത്തിലുമൊക്കെ മാറ്റത്തോടെ എത്തുന്ന ‘ഫ്രീ സ്റ്റൈലി’ന്റെ വില സംബന്ധിച്ചു സൂചനയൊന്നും ലഭ്യമല്ല. ഇന്ത്യയിൽ ഹ്യുണ്ടേയ് ‘ഐ 20 ആക്ടീവ്’, ഹോണ്ട ‘ഡബ്ല്യു വി — ആർ’ തുടങ്ങിവയോടാവും ‘ഫോഡ് ഫ്രീ സ്റ്റൈലി’ന്റെ പോരാട്ടം.