കോംപാക്ട് എസ് യു വി വിപണിയിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ച ‘വിറ്റാര ബ്രേസ’യിൽ നിന്നുള്ള മത്സരത്തിൽ തിരിച്ചടി നേരിട്ട ‘ഇകോസ്പോർടി’നെ കരകയറ്റാൻ യു എസ് നിർമാതാക്കളായ ഫോഡ് ഇന്ത്യ കോടികൾ മുടക്കി വിപുലമായ പരസ്യ പ്രചാരണം തുടങ്ങുന്നു. ‘വിറ്റാര ബ്രേസ’യുടെ മുന്നേറ്റത്തിന്റെ ഫലമായി വിൽപ്പനക്കണക്കെടുപ്പിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നു പോലും നേടാനാവാതെ പോയ ‘ഇകോസ്പോർടി’നായി 200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മൾട്ടി മീഡിയ ബ്രാൻഡ് ക്യാംപെയ്നാണ് ഫോഡ് ആവിഷ്കരിച്ചിരിക്കുന്നത്. ‘ഇകോസ്പോർടി’നു പുറമെ ഹാച്ച്ബാക്കായ ‘ഫിഗൊ’യുടെയും കോംപാക്ട് സെഡാനായ ‘ഫിഗൊ ആസ്പയറി’ന്റെയും വിൽപ്പനയും ഇടിഞ്ഞതാണു ഫോഡിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്. ഗുണനിലവാരമേറിയ മികച്ച വിൽപ്പനാന്തര സേവനത്തിലും ഉപഭോക്തൃ സൗഹൃദ നടപടികളിലും ഊന്നിയാവും ഫോഡിന്റെ പുതിയ പരസ്യ പരമ്പര. ഡബ്ല്യു പി പിയുടെ യൂണിറ്റായ ഗ്ലോബൽ ടീം ഫോഡിനാണു 200 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ക്യാംപെയ്നിന്റെ ചുമതല.
‘വിറ്റാര ബ്രേസ’യോടും മറ്റും മത്സരക്ഷമത കൈവരിക്കാൻ ലക്ഷ്യമിട്ടു ഫോഡ് ഇന്ത്യ ‘ഇകോ സ്പോർട്ടി’ന്റെ വിലയിൽ 1.12 ലക്ഷം രൂപയുടെ വരെ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ഏപ്രിലിലെ കണക്കനുസരിച്ച് കോംപാക്ട് എസ് യു വി വിഭാഗം വിൽപ്പനയിൽ ‘വിറ്റാര ബ്രേസ’ രണ്ടാം സ്ഥാനത്താണ്: 7,832 യൂണിറ്റ്. എന്നാൽ 3,779 യൂണിറ്റ് വിറ്റ ‘ഇകോ സ്പോർട്ടി’ന് ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നു പോലും നേടാനായില്ല; 2015 ഏപ്രിലിൽ 3,911 യൂണിറ്റ് വിൽപ്പനയോടെ ‘ഇകോ സ്പോർട്’ അഞ്ചാം സ്ഥാനത്തായിരുന്നു. സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ‘ഫിഗൊ’, ‘ആസ്പയർ’ വിൽപ്പനയും മന്ദഗതിയിലാണ്: കഴിഞ്ഞ മാസം മൊത്തം 2,211 യൂണിറ്റിന്റെ വിൽപ്പനയാണ് ഇവ കൈവരിച്ചത്.ഈ സാഹചര്യത്തിലാണ് ഇടപാടുകാരുമായുള്ള ബന്ധം സുദൃഢമാക്കാൻ ഫോഡ് ഇന്ത്യ പുതിയ പദ്ധതികൾക്കു തുടക്കമിടുന്നത്. ഡീലർഷിപ്പുകളിലും സർവീസ് ടച് പോയിന്റിലുമൊക്കെ ഇതിന്റെ പ്രതിഫലനം പ്രതീക്ഷിക്കാമെന്നു കമ്പനി അവകാശപ്പെടുന്നു. കൂടാതെ ഫോഡിന്റെ വെബ്സൈറ്റിൽ സർവീസ് ചെലവ് കണക്കാക്കാനുള്ള കാൽക്കുലേറ്റർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്.
സർവീസിങ്ങിനുള്ള ബുക്കിങ് നടത്തുംമുമ്പേ ഏകദേശ ചെലവ് മനസ്സിലാക്കാൻ ഈ സംവധാനം സഹായിക്കുമെന്നു കമ്പനി വിശദീകരിക്കുന്നു. വെബ്സൈറ്റ് മുഖേന ലഭിച്ച പ്രിന്റ് ഔട്ടുമായി സർവീസ് സെന്ററിലെത്താൻ അവസരമുള്ളതിനാൽ സർവീസിങ്ങിന്റെ ചെലവ് നിർണയം സുതാര്യമാവുമെന്നും ഫോഡ് കരുതുന്നു. ഇതോടൊപ്പം ഫോഡ് സ്പെയർ പാർട്സിന്റെ വിലയും കമ്പനി വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ സ്പെയർ പാർട്സ് ലഭ്യത ഉറപ്പാക്കാൻ തമിഴ്നാട്, കേരളം, ഡൽഹി, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അംഗീകൃത പാർട്സ് വിതരണക്കാരുടെ ശൃംഖലയും കമ്പനി ആവിഷ്കരിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ഗുജറാത്ത്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാൻ ഫോഡ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 38,518 യാത്രാവാഹനങ്ങളാണ് കമ്പനി ഇന്ത്യയിൽ വിറ്റത്; 2014 — 15ൽ വിറ്റ 22,877 യൂണിറ്റിനെ അപേക്ഷിച്ച് 68.36% അധികമാണിത്. കഴിഞ്ഞ മാസത്തെ വിൽപ്പനയാവട്ടെ ഇരട്ടിയോളമായി വളർന്നു; 2015 ഏപ്രിലിൽ 1,020 യൂണിറ്റ് വിറ്റത് 2,211 ആയിട്ടാണ് ഉയർന്നത്.