പഴമയുടെ സ്പർശം തുളുമ്പുന്ന രണ്ടു ഹെൽമറ്റുകൾ റോയൽ എൻഫീൽഡ് പുറത്തിറക്കി. ഐ എസ് ഐ, ഡി ഒ ടി സർട്ടിഫിക്കേഷനുകളോടെ എത്തുന്ന ഫുൾ ഫേസ് ഹെർമറ്റുകൾ രണ്ടു രൂപകൽപ്പനയിൽ വിൽപ്പനയ്ക്കുണ്ട്: ‘സ്ട്രീറ്റ് പ്രൈം’, ‘ഡ്രിഫ്റ്റർ’. ‘ഡ്രിഫ്റ്ററി’ന് 3,500 രൂപയും ‘സ്ട്രീറ്റ് പ്രൈമി’ന് 3,700 രൂപയുമാണു വില.
കമ്പനിയുടെ ഇ കൊമേഴ്സ് വെബ്സൈറ്റ് മുഖേനയും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയവ വഴിയുമാണ് ഈ ഹെൽമറ്റുകൾ വിൽപ്പനയ്ക്കെത്തുക.
റോയൽ എൻഫീൽഡിന്റെ ‘സ്ട്രീറ്റ്’ ശ്രേണി വിപുലീകരിച്ചാണു കമ്പനി ‘സ്ട്രീറ്റ് പ്രൈം’ അവതരിപ്പിച്ചിരിക്കുന്നത്. ‘ഡ്രിഫ്റ്ററി’ന്റെ രൂപകൽപ്പനയിലാവട്ടെ 1960 കാലഘട്ടത്തിലെ ഹെൽമറ്റുകളാണു കമ്പനിക്കു പ്രചോദനം. ഫൈബർ ഗ്ലാസ് ഷെൽ ഉപയോഗിച്ചു നിർമിച്ച ഹെൽമറ്റുകൾ നാലു വ്യത്യസ്ത ഡിസൈനുകളിൽ വിൽപ്പനയ്ക്കുണ്ട്. ‘സ്ട്രീറ്റ്പ്രൈമി’ൽ മൂന്ന് ഇൻടേക്കും ഒരു എക്സോസ്റ്റുമടക്കം നാലു വെന്റിലേഷൻ പോർട്ടുകളാണുള്ളത്; ‘ഡ്രിഫ്റ്ററി’ലാവട്ടെ അഞ്ച് ഇൻടേക്ക് സഹിതം ആറു വെന്റിലേഷൻ പോർട്ടുണ്ട്. മെച്ചപ്പെട്ട കാഴ്ചയ്ക്കായി ‘ഡ്രിഫ്റ്റർ’ ശ്രേണിയിൽ വീതിയേറിയ ഐ പോർട്ടുമുണ്ട്.