ഇന്ത്യയിൽ ആദായ നികുതി ദായകരെ അപേക്ഷിച്ച് കാർ ഉടമകളാണു കൂടുതലെന്ന് ഔദ്യോഗിക കണക്കുകൾ. രാജ്യത്ത് 10 ലക്ഷം രൂപയിലേറെ വാർഷിക വരുമാനമുള്ളവർ 24.40 ലക്ഷമാണെങ്കിലും പ്രതിവർഷം വിൽക്കപ്പെടുന്ന കാറുകളുടെ എണ്ണം കാൽ കോടിയിലേറെയാണ്. ഇതിൽ 35,000 എണ്ണമാവട്ടെ ആഡംബര കാറുകളാണ്. മൊത്തം 125 കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്ത് 2014 — 15 അസസ്മെന്റ് വർഷം 3.65 കോടി ആളുകളാണ് ആദായനികുതി റിട്ടേൺ സമർപ്പിച്ചത്. ഇതിൽ തന്നെ അഞ്ചര ലക്ഷം പേരാണ് ആദായ നികുതിയായി അഞ്ചു ലക്ഷം രൂപയിലേറെ അടച്ചത്. ചുരുക്കത്തിൽ മൊത്തം നികുതിദായകരിൽ 1.5% പേർ ചേർന്നാണ് നികുതി വരുമാനത്തിന്റെ 57 ശതമാനത്തോളം സംഭാവന ചെയ്യുന്നത്.
നികുതി റിട്ടേൺ സമർപ്പിക്കുന്നവരിൽ തന്നെ 5.32 ലക്ഷം പേരുടെ വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയാണ്; അതിനാൽ അവർക്കു നികുതി ബാധ്യതയുമില്ല. ഈ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് കാർ വിൽപ്പന കണക്കുകൾ പരിഗണിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ശരാശരി 25 ലക്ഷം കാറുകളാണു രാജ്യത്തു വിറ്റഴിയുന്നത്. കഴിഞ്ഞ മൂന്നു വർഷത്തെ വിൽപ്പനയാവട്ടെ 25.03 ലക്ഷം, 26 ലക്ഷം, 27 ലക്ഷം എന്ന കണക്കിലായിരുന്നു. അതുകൊണ്ടുതന്നെ കാർ വാങ്ങാൻ വേണ്ട വരുമാനമുള്ളവർ പലരും ആദായനികുതി അടയ്ക്കുന്നില്ലെന്ന നിഗമനത്തിലാണ് അധികൃതർ. സാധാരണ നിലയിൽ ഏഴു വർഷമാണ് കാറിന്റെ ആയുസ്; സാധാരണക്കാർ അഞ്ചു വർഷത്തിനു മുമ്പ് കാർ മാറ്റി വാങ്ങാറില്ലെന്നും അധികൃതർ വിശദീകരിക്കുന്നു.
പ്രതിവർഷം ഒരു കോടിയിലേറെ രൂപയുടെ വരുമാനം വെളിപ്പെടുത്തിയവർ 48,417 പേരാണ്; അതേസമയം, ആഡംബര കാർ ബ്രാൻഡുകളായ ബി എം ഡബ്ല്യു, ഔഡി, ജഗ്വാർ, മെഴ്സീഡിസ്, പോർഷെ, മസെരാട്ടി എന്നിവ ചേർന്നു കൈവരിക്കുന്ന വിൽപ്പനയാവട്ടെ 35,000 യൂണിറ്റിലേറെയും. ഹിട്ട റിട്ടേൺ നൽകിയവരിൽ 24.4 ലക്ഷം പേരാണ് 10 ലക്ഷം രൂപയിലേറെ വാർഷിക വരുമാനമുണ്ടെന്ന് സമ്മതിച്ചത്. അര കോടി രൂപയിലേറെ വരുമാനം ലഭിക്കുന്നത് 1.47 ലക്ഷം നികുതി ദായകർക്കാണ്. പോരെങ്കിൽ 2014 — 15 അസസ്മെന്റ് വർഷം സ്രോതസിൽ നികുതി അടച്ചു (ടി ഡി എസ്) എങ്കിലും 1.61 കോടി പേരാണ് ആദായനികുതി റിട്ടേൺ സമർപ്പിക്കാതിരുന്നത്.