രോഹിത് സുബ്രമണ്യത്തിനു പ്രായം 21 വയസ് മാത്രം! പക്ഷേ ലക്ഷ്യമിടുന്നത് ഈ പ്രായക്കാർ സ്വപ്നം കാണാൻ മാത്രം പറ്റുന്ന കാര്യം. ഇന്ത്യയിൽ നിന്ന് ആരംഭിച്ച് മിഡിൽ ഈസ്റ്റിനെ പിളർന്ന് യൂറോപ്പിലൂടെ ഒഴുകി തിരിച്ച് ഇന്ത്യയിൽ ലയിക്കുന്ന ഒരു നദി പോലെ നീണ്ടൊരു യാത്ര! അതും ബൈക്കിൽ. 25 മില്യൺ മീറ്റർ റൈഡ് എന്നു പേരിട്ടിരിക്കുന്ന ഈ യാത്രാ ഉദ്യമത്തിലൂടെ ഏകദേശം 80,000 മുതൽ 100,000 കിലോമീറ്റർ ദൂരമാണ് രോഹിത് പിന്നിടുന്നത്. സൂദീർഘ്യമായ ഈ യാത്രയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതാകട്ടെ ക്രൗഡ് ഫണ്ടിംഗിലൂടെയും. നിശ്ചയദാർഡ്യം, കഠിന പരിശ്രമം – ഇവ രണ്ടുമുണ്ടെങ്കിൽ ഏതു തടസത്തെയും അതിജീവിക്കാനാകുമെന്നു തെളിയിക്കാനൊരുങ്ങുകയാണ് രോഹിത് ഈ യാത്രയിലൂടെ.
സ്വപ്നസാക്ഷാത്കാരത്തിനാണ് റെക്കോർഡിനേക്കാൾ രോഹിതിന്റെ തുലാസിൽ ഭാരക്കൂടുതൽ. ചെറുപ്പം മുതൽ ബൈക്ക് മനസിലൊരു ഹരമായി കൊണ്ടുനടന്നിരുന്ന രോഹിത് യാത്രയെ വളരെയധികം സ്നേഹിച്ചിരുന്നു. സുഹൃത്തുക്കളുമായി സംവദിക്കുന്ന അവസരത്തിൽ തന്റെ യാത്രാമോഹത്തെക്കുറിച്ച് രോഹിത് സൂചിപ്പിക്കുമായിരുന്നു. അങ്ങനെയുള്ള ഒരു സംവാദത്തിനൊടുവിലാണ് 25 മില്യൺ മീറ്റർ റൈഡ് എന്ന ആശയം രോഹിതിന്റെ മനസിൽ മോഹവല നെയ്തത്.
150 ദിവസം കൊണ്ടാണ് ഇന്ത്യയിലെ സംസ്ഥാനങ്ങൾ മുഴുവൻ കണ്ടുതീർക്കുക. മ്യാൻമർ, തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം, സിങ്കപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾ സന്ദർശിച്ചതിനു ശേഷം യാത്ര യൂറോപ്പിലേക്കു കടക്കും. ഓസ്ട്രിയ, ബെൽജിയം, ചെക്ക്‌റിപ്പബ്ലിക്, ഡെൻമാർക്ക്, ഫിൻലൻഡ്, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, ഇറ്റലി, ഇംഗ്ലണ്ട്, അയർലൻഡ്, ഗ്രീസ് അടക്കം യൂറോപ്പിലെ എല്ലാ ഷെങ്കെൻ രാജ്യങ്ങളും രോഹിത് സന്ദർശിക്കുന്നുണ്ട്.
രോഹിത്തിന്റെ ഈ ബൈക്ക് യാത്രയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ഓൺലൈനിൽ വായിച്ച ഒരു ലേഖനമാണ്. ചെറുപ്പത്തിൽ തന്നെ യാത്രയെ ഏറെ സ്നേഹിച്ചിരുന്ന ഒരാള്‍ കരിയറിന്റെ പിന്നാലെ പാഞ്ഞ് തന്റെ ജീവിതാഭിലാഷം ഒടുവിൽ 40 –ാം വയസിൽ കൈയ്യെത്തിപ്പിടിക്കുമ്പോഴും അയാൾക്ക് സന്തോഷത്തേക്കാളേറെ നഷ്ടബോധമായിരുന്നു മനസിൽ. ഇതാണ് രോഹിതിനെ ചെറുപ്രായത്തിൽ തന്നെ തന്റെ സ്വപ്നം കൈയ്യെത്തിപ്പിടിക്കാൻ പ്രേരിപ്പിച്ചത്.
സുരക്ഷിത റൈഡ്, ആഗോള സാഹോദര്യം (Safety First and Universal Brotherhood)എന്നീ രണ്ടു മുദ്രാവാക്യം മുറുകെപ്പിടിച്ചാണ് യാത്ര. 2013 ലാണ് ഫണ്ട് മൈ ഡ്രീം എന്ന ക്രൗഡ് ഫണ്ടിംഗ് സൈറ്റ് സ്ഥാപിക്കുന്നത്. വലിയ തുകകൾ തന്ന് സഹായിക്കാനാവുന്നവർ കുറവാണ്. എന്നാൽ ചെറിയ തുകകൾ സംഭാവന നൽകാൻ പലർക്കും സാധിക്കും. ഈ ആശയത്തിൽ അധിഷ്ഠിതമാണ് ക്രൗഡ് ഫണ്ടിംഗ്. ഫണ്ട് മൈ ഡ്രീം സൈറ്റിലൂടെ പലരുടെയും സ്വപ്ന പദ്ധതികൾക്കു പണം കണ്ടെത്താനായിട്ടുണ്ടെന്നതു ചാരിതാർഥ്യം നൽകുന്നുവെന്ന് രോഹിത് പറയുന്നു. തന്റെ സ്വപ്നയാത്രയ്ക്കായി ക്രൗണ്ട് ഫണ്ടിംഗിലൂടെ ആറു ലക്ഷം രൂപയാണ് രോഹിത് ലക്ഷ്യമിടുന്നത്.
ആയിരം രൂപ മുതൽ സംഭാവന നൽകുന്നവർക്കെല്ലാം വ്യത്യസ്ത സമ്മാനങ്ങളും രോഹിത് നൽകും. യാത്രാവസാനം തയ്യാറാക്കുന്ന ഡോക്യുമെന്ററിയിലും ഓരോരുത്തരുടെയും പേരുണ്ടാകും. 50,000 രൂപ തരുന്നവരുടെ ലോഗോ ബൈക്കിൽ പതിപ്പിക്കും. യാത്രാ പരിപാടിയുടെ സ്പോൺസർമാർ എന്ന നിലയിലും അവരെ പ്രമോട്ട് ചെയ്യും. ഭാവിയിലും ചില യാത്രാപദ്ധതികളൊക്കെയുണ്ട് രോഹിതിന്. പോകുന്ന ഓരോ യാത്രയുടെയും ഡോക്യുമെന്ററി തയ്യാറാക്കും. ചെറുപ്രായത്തിൽ തന്നെ ഉയരങ്ങളിലെത്തി അവിടെ നിന്ന് വീണ്ടും പുതിയ ഉയരങ്ങൾ താണ്ടാൻ രോഹിതിന് ആകുമെന്നു തന്നെ പ്രതീക്ഷിക്കാം. ആ പ്രതീക്ഷയോടെ തന്നെയാണ് രോഹിത് ആക്സിലറേറ്ററിൽ കൈ അമർത്തുന്നതും!