മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് (ബിഎസ് നാല്) നിലവാരം പുലർത്തുന്ന എൻജിനുള്ള ആദ്യ സ്കൂട്ടറെന്ന പെരുമയോടെ പുതിയ ‘ഹോണ്ട ആക്ടീവ’ വിൽപ്പനയ്ക്കെത്തി. മലിനീകരണ നിയന്ത്രണത്തിൽ ഉന്നത നിലവാരം പുലർത്തുന്നതിനൊപ്പം ഓട്ടമാറ്റിക് ഹെഡ്‌ലാംപ് ഓൺ (എ എച്ച് ഒ) സൗകര്യത്തോടെയെത്തുന്ന ഈ ‘ആക്ടീവ’യുടെ അടിസ്ഥാന വകഭേദത്തിന് 56,954 രൂപയാണു ഡൽഹി ഷോറൂമിൽ വില.
ഇടപാടുകാരുടെ ആവശ്യം മുൻനിർത്തി ഡ്രം ബ്രേക്കിനൊപ്പം അലോയ് വീൽ കൂടിയുള്ള പുതുവകഭേദവും കമ്പനി പുറത്തിറക്കി; 58,900 രൂപയാണ് ഈ വകഭേദത്തിന വില. അതേസമയം അലോയ് വീലും ഡിസ്ക് ബ്രേക്കുമുള്ള മുന്തിയ വകഭേദത്തിന് 61,362 രൂപയാണ് വിലയെന്നു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച് എം എസ് ഐ) അറിയിച്ചു.
സ്കൂട്ടറിലെ പുതിയ 125 സി സി ഹോണ്ട ഇക്കോ ടെക്നോളജി (എച്ച് ഇ ടി) എൻജിന് 6500 ആർ പി എമ്മിൽ 8.52 ബി എച്ച് പി കരുത്തും 5000 ആർ പി എമ്മിൽ 10.54 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. പുതിയ നിറമായ മാറ്റ് ക്രസ്റ്റ് മെറ്റാലിക്കിനു പുറമെ നിലവിലുള്ള വർണങ്ങളായ പേൾ അമെയ്സിങ് വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ബ്ലാക്ക്, റിബൽ റെഡ് മെറ്റാലിക് എന്നിവയിലും സ്കൂട്ടർ വിൽപ്പനയ്ക്കുണ്ട്.
മുൻവശത്തെ പ്രീമിയം ക്രോം ചെസ്റ്റിനൊപ്പം സംയോജിപ്പിച്ച എൽ ഇ ഡി പൊസിഷൻ ലൈറ്റ്, വലിപ്പമേറിയ, ത്രിമാന ഹോണ്ട എംബ്ലം, മൊബൈൽ ചാർജിങ് സോക്കറ്റ് എന്നിവയും പുതിയ 125 സി സി ‘ആക്ടീവ’യുടെ സവിശേഷതകളാണ്.
ഈ ഏപ്രിൽ ഒന്നു മുതൽ റജിസ്റ്റർ ചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്കാണ് കേന്ദ്ര സർക്കാർ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം നിർബന്ധമാക്കിയത്. ഒപ്പം വാഹനം സ്റ്റാർട് ചെയ്യുമ്പോൾ തന്നെ ഹെഡ്‌ലാംപ് പ്രവർത്തിച്ചു തുടങ്ങുന്ന ഓട്ടമാറ്റിക് ഹെഡ്‌ലാംപ് ഓൺ സംവിധാനവും പുതിയ ഇരുചക്രവാഹനങ്ങൾക്ക് ഈ ഏപ്രിൽ ഒന്നു മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. കാലാവസ്ഥാ ഭേദമില്ലാതെ മെച്ചപ്പെട്ട കാഴ്ച ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.