‘എന്തുകൊണ്ടു നമ്മൾ തോറ്റു എന്നു ലളിതമായിട്ടങ്ങു പറഞ്ഞാൽ പോരേ?’ ചോദിച്ചത് ‘ഉത്തമൻ’ ആയിരുന്ന ബോബി കൊട്ടാരക്കര. ചിത്രം: സത്യൻ അന്തിക്കാടിന്റെ ‘സന്ദേശം’(1991).
ഉത്തമൻ ചോദിച്ചതു കാൽ നൂറ്റാണ്ടു മുമ്പാണെങ്കിലും ആ ചോദ്യത്തിന്റെ പ്രസക്തി ഇന്നും കുറഞ്ഞിട്ടില്ല. പല രൂപത്തിലും പല ഭാവത്തിലും ഇതേ ചോദ്യം നമുക്ക് മുന്നിൽ അവതരിച്ചുകൊണ്ടേയിരിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ കാർ പ്രേമികളുടെ ഉള്ളിൽ ഉയരുന്ന ചോദ്യം ‘അംബാസഡർ എന്തുകൊണ്ടു തോറ്റു’ എന്നതാവും.
ഈ ചോദ്യത്തിന് ഉത്തരം പറയുന്നത് കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ സഹമന്ത്രി ഗിരിരാജ് സിങ് ആണ്; പുതുമകൾ കണ്ടെത്താനാവാതെ പോയതാണത്രെ ‘അംബാസഡറി’നെ പടുകുഴിയിലാക്കിയത്.
പരിഷ്കാരങ്ങളും പുതുമകളും നടപ്പാക്കുന്നതിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് വരുത്തിയ വീഴ്ചയാണ് ‘അംബാസഡറി’നെ യൂറോപ്യൻ വാഹന നിർമാതാക്കളായ പ്യുഷൊയുടെ പക്കലെത്തിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. പിന്നാലെ കേന്ദ്ര സർക്കാരിന്റെ ‘മെയ്ഡ് ഇൻ ഇന്ത്യ’യെ ‘മാഡ് ഇൻ ഇന്ത്യ’യെന്നു പരിഹസിച്ച ബജാജ് ഓട്ടോ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാജീവ് ബജാജിനുള്ള മറുപടിയും മന്ത്രി നൽകി: ‘ഇന്ത്യയെ നിർമിക്കുന്നത് അങ്ങനെ ഒരാൾ ഒറ്റയ്ക്കല്ല’
ഇന്ത്യൻ പ്രധാനമന്ത്രി മുതൽ സാധാരണക്കാർ വരെയുള്ളവരുടെ ഇഷ്ടവാഹനമായിരുന്ന ‘അംബാസഡർ’ ബ്രാൻഡ് ആണു കഴിഞ്ഞ ദിവസം പ്യുഷൊ സ്വന്തമാക്കിയത്. നേരത്തെ ഒപ്പിട്ട സംയുക്ത സംരംഭ ധാരണയുടെ തുടർച്ചയായി 80 കോടി രൂപയ്ക്കാണു പി എസ് എ ഗ്രൂപ് ‘അംബാസഡർ’ ബ്രാൻഡും അനുബന്ധ വ്യാപാര മുദ്രകളും സി കെ ബിർല ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ നിന്ന് സ്വന്തമാക്കിയത്.