ട്രാജഡിയിൽ അവസാനിക്കുന്ന വാഹന താരങ്ങളുടെ കഥകൾ ഇന്ത്യൻ റോഡുകളിൽ വർദ്ധിക്കുകയാണ്. ഇന്ത്യയിലെ യാത്രാ വാഹന വില്‍പ്പന റെക്കോര്‍ഡ് നേട്ടത്തിലെത്തിയിട്ടും ജനമനസുകളിൽ സ്ഥാനം നേടി തങ്ങളുടെ നില ഭദ്രമാക്കാനാവാതെ ഷെവർലെ മോഡലുകളും പിൻവാങ്ങുകയാണ്. 2018 ജനുവരി മുതല്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സ് ഇന്ത്യയിലെ വില്‍പന പൂര്‍ണമായും നിര്‍ത്തും. ഇരുപത് വര്‍ഷം നീണ്ട ബന്ധത്തിനാണ് കമ്പനി തീരശ്ശീല ഇടുന്നത്. സൗത്ത് ആഫ്രിക്കയിലെയും ഇന്ത്യയിലെയും വിൽപ്പന നിർത്തി സുരക്ഷിതമാകാനാണ് കമ്പനിയുടെ തീരുമാനം. 1996 ൽ ഓപെലിലൂടെ ഇന്ത്യയിലെത്തിയ ജനറൽ മോട്ടോഴ്സ് 2006ൽ തങ്ങളുടെ ഓപെൽ മോഡൽ പിൻവലിച്ചാണ് ഷെവർലെയെന്ന ബ്രാൻഡ് വിപണിയിലിറക്കിയത്. ഇപ്പോളിതാ അതും പൂട്ടിക്കെട്ടി. ഇന്ത്യയിൽ മത്സരിച്ച് തളർന്ന് നിർത്തേണ്ടിവന്ന ആദ്യ ബ്രാൻഡല്ല ഷെവർലെ. ഏതൊക്കെയാണ് മറ്റുള്ള വാഹന കമ്പനികളെന്ന് നോക്കാം.
സിപാനി മോട്ടോഴ്സ്
റോവാൻ അറ്റ്കിൻസണിന്റെ മിസ്റ്റർ ബീനിലെ മൂന്നു വീലൻ കാർ ഓർമയില്ലേ. എന്നാൽ അത്തരം കാർ ബ്രിട്ടനിൽ മാത്രമല്ല ഇന്ത്യയിലും ഇറങ്ങി ബംഗലൂരു ആസ്ഥാനമായുള്ള കാർ കമ്പനിയായ സിപാനി മോട്ടോഴ്സിലൂടെ. ബ്രിട്ടീഷ് കാറായ ബാദലായിരുന്നു സിപാനിയുടെ പ്രചോദനം.1973ൽ ആരംഭിച്ച കമ്പനിയിൽ നിന്ന് പിന്നീട് ഫൈബൽ ഗ്ളാസ് ബോഡിയുള്ള സബ് കോംപാക്ട് വാഹനങ്ങളാണ് നിർമ്മിച്ചത്. സിപാനി ഡോൾഫിൻ എന്ന വാഹനമാണ് ഇക്കൂട്ടത്തിൽ പ്രശസ്തമായത്. മാരുതിയുടെ വരവോടെ ഈ മോഡലുകൾ ആർക്കും വേണ്ടതായി. വീണ്ടും ചില മോഡലുകൾ ഇറക്കിയെങ്കിലും വിജയിക്കാനായില്ല. 50ൽ താഴെ വിറ്റു വരവ് വന്നതോടെ 1995ൽ കമ്പനി നിർത്തേണ്ടി വന്നു.
സ്റ്റാൻഡേർഡ്
ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാൻഡേർഡ് മോട്ടോർ പ്രോഡക്ടാണ് 1949 മുതൽ 88 വരെയാണ് വിവിധ മോഡലുകൾ പുറത്തിറക്കിയത്. സ്റ്റാൻഡേർഡ് കാറുകൾ ജനപ്രിയ വാഹനമായിരുന്നു. ഹെറാൾഡ് ആയിരുന്നു അക്കൂട്ടത്തിലെ സൂപ്പർ താരം. ബ്രിട്ടീഷ് പാർട്സുമായാണ് ആദ്യം പുറത്തിറങ്ങിയതെങ്കിലും 1965 ആയപ്പോഴേക്കും എൻജിനും ഗിയർ ബോക്സുമെല്ലാം മെയ്ഡ് ഇൻ ഇന്ത്യനായി. നിലവാരക്കുറവും വിലയും അതോടൊപ്പം മൈലേജിനെക്കുറിച്ചുണ്ടായ വിവാദങ്ങളും ചേർന്നപ്പോള്‍ 2006ൽ കമ്പനിക്ക് ഷട്ടറിട്ടു.
ദേയ്‌വു
ഇന്ത്യൻ ചെറുകാർ വിപണിയിലേക്ക് ഒരു തരംഗമായി വന്നെത്തിയ കൊറിയൻ വാഹന നിർമ്മാതാക്കളാണ് ദേയ്‌വു. ഹ്യൂണ്ടായ് സാൻട്രോ, മാരുതി 800 എന്നിവയുടെ എതിരാളിയായി 1998 ൽ ദേയ്‌വു പുറത്തിറക്കിയ വാഹനമാണ് മാറ്റിസ്. പ്രീമിയം കാറായിരുന്ന സീലോയും മാരുതിയോട് മത്സരിക്കാനെത്തിയ മാറ്റിസുമെല്ലാം വിപണിയിൽ പ്രധാനികളായി. പക്ഷേ പുറത്തിറങ്ങി കുറച്ചുനാൾക്കൊണ്ട് തന്നെ മാറ്റിസ് ഹിറ്റായെങ്കിലും ദേവുവിന് ആ വിജയം മുന്നോട്ടുകൊണ്ടുപോകായില്ല. ജനറൽ മോട്ടോഴ്‌സ് എറ്റെടുത്തതിന് ശേഷം ഷെവർലെ സ്പാർക്കായി ഇന്ത്യയിലെത്തിയത് മാറ്റിസിന്റെ രണ്ടാം തലമുറയാണ്. ജനറൽ മോട്ടോഴ്സ് മാറ്റിസ് വാങ്ങിയശേഷം ആ പ്ളാറ്റ്ഫോമിൽ സ്പാർക്ക് അവതരിപ്പിക്കുകയായിരുന്നു.
പെഷൊ
തൊണ്ണൂറുകളിൽ ആഗോള ബ്രാൻഡുകൾക്കായി ഇന്ത്യൻ വിപണിയുടെ കവാടം തുറന്നു കൊടുത്തപ്പോൾ ആദ്യമെത്തിയ വാഹന നിർമ്മാതാക്കളിലൊന്നാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ പെഷൊ. പ്രീമിയറുമായി സഹകരിച്ചായിരുന്നു വാഹന വിൽപ്പന. പക്ഷേ പ്രീമിയർ കമ്പനിയിലെ തൊഴിലാളി സമരം മൂലം പ്രീമിയർ മോട്ടോഴ്‌സുമായുള്ള സഹകരണം അവസാനിപ്പിച്ച് പെഷോ രാജ്യം വിടുകയായിരുന്നു. 1997ൽ രാജ്യം വിട്ട പ്യൂഷോ അംബാസിഡർ മോഡലുകളുമായി എത്താനൊരുങ്ങുന്നുവെന്ന് അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു.
ഹിന്ദുസ്ഥാൻ മോട്ടോഴ്സ്
ഒരു കാലത്ത് ഇന്ത്യയിൽ സാധാരണക്കാരന്റെ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനമായിരുന്നു അംബാസഡർ കാർ. മോറിസ് ഒാക്സ്ഫോഡ് സീരിസിന്റെ പഞ്ചാത്തലത്തിൽ 1958ൽ ബിർളാ ഗ്രൂപ്പാണ് അംബാസിഡർ കാറുകളുടെ ഉൽപ്പാദനം ആരംഭിച്ചത്. മാരുതി 800 ന്റെയും വിദേശ മോഡലുകളുടെയും വരവ് അംബാസിഡറിന് തിരിച്ചടിയായി. 2014 മേയിൽ ഇന്ത്യയിൽ കൊൽക്കത്തയിലെ അവസാന പ്ലാന്റും അടച്ചു പൂട്ടിയതോടെ അംബാസഡർ കാറിന്റെ ഉൽപാദനം നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫ്രഞ്ച് കമ്പനിയായ പ്യൂഷോയ്ക്ക് കൈമാറി.