വർഷാവസാനത്തോടെ ആഭ്യന്തര വിപണിയിൽ നിന്നു പിൻവാങ്ങുന്നതിനു മുന്നോടിയായി യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ) ജീവനക്കാർക്കുള്ള വിടവാങ്ങൽ പദ്ധതി തയാറാക്കുന്നു. അടുത്ത ആഴ്ചയ്ക്കകം കമ്പനി തയാറാക്കിയ വോളന്ററി സെപ്പറേഷൻ സ്കീം(വി എസ് എസ്) സ്വീകരിക്കാനാണു ജി എം ഇന്ത്യയിലെ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ വാഹന വിൽപ്പന അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ 18നാണു ജി എം ഐ പ്രഖ്യാപിച്ചത്. പിറ്റേ ദിവസം തന്നെ ജീവനക്കാർക്ക് അയച്ച ഇ മെയിലിലാണ് വി എസ് എസ് സംബന്ധിച്ച വിശദാംശങ്ങൾ ജി എം പങ്കുവച്ചത്; പദ്ധതി ജൂൺ 15ന് അവസാനിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ആഭ്യന്തര വിൽപ്പന, വിൽപ്പനാന്തര സേവന വിഭാഗങ്ങളിലെ നാനൂറോളം ജീവനക്കാർക്കാണു വി എസ് എസ് ബാധകമാവുകയെന്നു ജി എം ഐ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കഹെർ കാസിം വെളിപ്പെടുത്തിയിരുന്നു.
പൂർത്തിയാക്കിയ ഓരോ വർഷത്തെ സേവനത്തിനും 45 ദിവസത്തെ വേതനമാണു ജി എം വാഗ്ദാനം ചെയ്യുന്നത്; ആറു മാസത്തിലേറെയുള്ള സേവനകാലത്തിനും ഇതേ നിരക്കിൽ നഷ്ടപരിഹാരം ലഭിക്കും. അതേസമയം വിരമിക്കലിനോടടുത്ത ജീവനക്കാർക്ക് അവശേഷിക്കുന്ന സേവനകാലത്തെ പ്രതിമാസ വേതനമാണു നഷ്ടപരിഹാരമായി ലഭിക്കുക. ഏറ്റവും കുറഞ്ഞത് മൂന്നു മാസത്തെ ശമ്പളമാണു നഷ്ടപരിഹാരമാണു ലഭിക്കുകയെന്നും ജി എം ഐ വ്യക്തമാക്കുന്നു.
വിപണന, വിൽപ്പന, ധനകാര്യ, ഭരണ വിഭാഗങ്ങളിലായി ഇരുനൂറ്റി അൻപതോളം ജീവനക്കാർക്കുള്ള നിർബന്ധിത വിരമിക്കൽ സെപ്റ്റംബറോടെ പൂർത്തിയാവുമെന്നാണു പ്രതീക്ഷ. എന്നാൽ ആകെയുള്ള 400 ജീവനക്കാരിൽ പതുതിയോളം പേരാവും വർഷാവസാനത്തോടെ കമ്പനി വിടുകയെന്നാണു കാസിം നേരത്തെ വെളിപ്പെടുത്തിയിരുന്നത്. വിൽപ്പനാന്തര സേവന വിഭാഗത്തിൽ ജോലി ചെയ്യുന്നവരോട് ഇനിയൊരു അറിയിപ്പ് ലഭിക്കും വരെ കമ്പനിയിൽ തുടരാനും ജി എം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഇന്ത്യയിൽ വാഹന വിൽപ്പന നിർത്താനുള്ള ജി എമ്മിന്റെ തീരുമാനത്തിനെതിരെ ഡീലർഷിപ്പുകളും രംഗത്തുണ്ട്. വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം അപര്യാപ്തമാണെന്ന പേരിൽ ഇന്ത്യയ്ക്കു പുറമെ യു എസിലും ജി എമ്മിനെതിരെ കേസ് കൊടുക്കാനുള്ള സാധ്യതയാണു കമ്പനി ഡീലർമാർ പരിശോധിക്കുന്നത്.
മൊത്തം 96 ഡീലർമാർ ചേർന്നാണു ജി എമ്മിനായി രാജ്യത്ത് 140 ഷോറൂമുകൾ പ്രവർത്തിപ്പിക്കുന്നത്; ഇവരിൽ ഭൂരിഭാഗവും കമ്പനി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തിൽ അതൃപ്തരാണ്. ഡീലർമാരുടെ മൊത്തം നിക്ഷേപത്തിന്റെ 12% ആണത്രെ ജി എം നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തത്. ഡീലർഷിപ്പുകളും സർവീസ് ഔട്ട്ലെറ്റുകളും പൂട്ടുന്നതോടെ പതിനായിരത്തോളം തൊഴിലവസരങ്ങളും നഷ്ടമാവുമെന്നു ഡീലർമാർ ചൂണ്ടിക്കാട്ടുന്നു.